Faith And Reason - 2024

എസ്റ്റോണിയയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 24-04-2020 - Friday

ടാല്ലിന്‍: ബാള്‍ട്ടിക് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 19 ഞായറാഴ്ച എസ്റ്റോണിയയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ഫിലിപ്പെ ജോര്‍ഡാന്റെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണം. കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും, എസ്റ്റോണിയയെ ദൈവത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സ്വര്‍ഗ്ഗീയ ഇടപെടല്‍ യാചിച്ചുകൊണ്ടായിരിന്നു സമര്‍പ്പണം. വിശ്വാസപരമായ ജീവിതം നയിക്കുന്നതിന് ജനങ്ങള്‍ക്ക് കിട്ടിയ അവസരമാണിതെന്നു ബിഷപ്പ് ജോര്‍ഡാന്‍ പറഞ്ഞു.

ബാള്‍ട്ടിക് രാഷ്ടങ്ങളില്‍ ദൈവകരുണയോടുള്ള ഭക്തി നിലവിലുള്ളതിനാല്‍, ദൈവകരുണയുടെ ഞായര്‍ തന്നെയാണ് സമര്‍പ്പണം നടത്തുവാന്‍ പറ്റിയ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് ദൈവത്തിനിഷ്ടമല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ നമുക്ക് നമ്മുടെ വ്യക്തിപരമായ മനപരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുവാന്‍ കഴിയും.വിശുദ്ധ ഫൗസ്റ്റീനക്ക് യേശു ക്രിസ്തു നല്‍കിയ ദര്‍ശനങ്ങള്‍ ബാള്‍ട്ടിക് മേഖലകളില്‍ ദൈവകരുണയോടുള്ള വിശ്വാസം ഏറെ ആഴത്തില്‍ പതിയുന്നതിന് കാരണമായിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

ഇതുവരെ ആയിരത്തിയഞ്ഞൂറോളം കൊറോണ കേസുകളാണ് എസ്റ്റോണിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാരേമാ ദ്വീപിലെ ജനസമൂഹത്തിന്റെ അവസ്ഥയാണ് ഏറ്റവും പരിതാപകരമെന്ന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് വെളിപ്പെടുത്തിയിരിന്നു. ദ്വീപ്‌ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ പകുതിയോളം പേരും ദ്വീപില്‍ നിന്നും ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ 40 മരണമാണ് കോവിഡ് രോഗബാധയെ തുടര്‍ന്നു എസ്റ്റോണിയയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 32