News - 2025
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: വീണ്ടും അമേരിക്കന്‍ കമ്മീഷന്‍
സ്വന്തം ലേഖകന്‍ 30-04-2020 - Thursday
വാഷിംഗ്ടണ്‍ ഡിസി: ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര കമ്മീഷന്‍. ഇന്ത്യയിലും പാക്കിസ്ഥാന്‍, ചൈന, സൗദി അറേബ്യ, വടക്കന്‍ കൊറിയ, സിറിയ, ഇറാന്‍, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര ലംഘനങ്ങള്‍ ആശങ്കാജനകമാണെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലിജിയസ് ഫ്രീഡമാണ് (യുഎസ്സിഐആര്‍എഫ്) പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമം നടത്തുന്ന ചില ഗ്രൂപ്പുകള്‍ക്ക് പരോക്ഷ സംരക്ഷണം കിട്ടുന്നുണ്ടെന്നു കാണാനായെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പെര്‍കിന്‍സ് പറഞ്ഞു. നേരത്തെ രണ്ടാം തട്ടിലായിരുന്ന ഇന്ത്യയെ ഇക്കുറി ആശങ്കാജനകമായ രാജ്യങ്ങളുടെ ഒന്നാം പട്ടികയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനു യുഎസ് കോണ്‍ഗ്രസ് രൂപീകരിച്ച സ്വതന്ത്ര കമ്മീഷനാണ് യുഎസ്സിഐആര്‍എഫ്. എന്നാല്‍ അമേരിക്കയുടെ കണ്ടെത്തലിനെ ഇന്ത്യ പാടെ നിരാകരിച്ചു. അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഇന്ത്യ തളളുന്നതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും തെറ്റായ പ്രവണതയുമാണ്. ഇതു പുതിയ സംഭവമല്ല. എന്നാല്‍ ഇത്തവണ തെറ്റായ റിപ്പോര്‍ട്ടിംഗ് പുതിയ തലത്തിലാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
കമ്മീഷന്റെ ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ വേദനാജനകമെങ്കിലും സ്വാഗതാര്‍ഹമാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന വ്യക്തമാക്കി. വിശ്വാസ്യതയുള്ള ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കമ്മീഷനു ഹൈന്ദവ സംഘടന നന്ദി പറഞ്ഞു. സത്യം പറഞ്ഞ അമേരിക്കന്‍ കമ്മീഷനെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് ഇന്ത്യയിലെ മോദി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭാരതത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായതായി യൂണൈറ്റൈഡ് ക്രിസ്ത്യന്‍ ഫോറം കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക