News - 2024

കോവിഡിന്റെ മറവിൽ ലോകം മുഴുവൻ ഭ്രൂണഹത്യ വ്യാപിപ്പിക്കാൻ ശ്രമവുമായി ഐക്യരാഷ്ട്രസഭ

സ്വന്തം ലേഖകന്‍ 04-05-2020 - Monday

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ഭീതിയിലൂടെ ലോകരാജ്യങ്ങൾ കടന്നുപോകുമ്പോൾ ആഗോള തലത്തില്‍ ഭ്രൂണഹത്യ വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ഐക്യരാഷ്ട്ര സഭ. "കൊറോണ വൈറസ് സ്ത്രീകളുടെമേൽ ഏൽപ്പിക്കുന്ന ആഘാതം" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊറോണ വൈറസിൽ നിന്നും സ്ത്രീകളെ രക്ഷിക്കുന്നതിനായി എടുക്കേണ്ട നടപടികളെപ്പറ്റിയുളള രത്നചുരുക്കം ഈസ്റ്ററിന് മുന്‍പ് സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചിരുന്നു. സെക്രട്ടറി ജനറൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഭ്രൂണഹത്യ വ്യാപിപ്പിക്കുന്നതിനെ പറ്റിയുള്ള പരാമർശമുണ്ട്.

ഗുട്ടെറസിന്റെ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തി രണ്ട് കരട് പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ ഈ ആഴ്ച ചർച്ചയ്ക്ക് എടുത്തിരുന്നു. ഭ്രൂണഹത്യ അനുവദിക്കുന്നതിന് രാജ്യങ്ങൾക്കുള്ള അവകാശം എന്നതിനെപ്പറ്റിയായിരുന്നു പ്രധാന ചർച്ച. സൗദി അറേബ്യ, ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം, ഭ്രൂണഹത്യയെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് രാജ്യങ്ങൾക്കായിരിക്കണം കൂടുതൽ അവകാശമെന്ന് പറയുന്നു. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം, ഭ്രൂണഹത്യ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്, രാജ്യങ്ങളെക്കാൾ ഉപരിയായി ഐക്യരാഷ്ട്രസഭയ്ക്കായിരിക്കണം അധികാരമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

രാജ്യങ്ങളുടെ മേൽ ഐക്യരാഷ്ട്രസഭക്കുള്ള അധികാരത്തെ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും, രണ്ടു കരടു രേഖകളും ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. കൊറോണ വൈറസ് മൂലം ഐക്യരാഷ്ട്രസഭയിൽ നടക്കുന്ന ചർച്ചകളുടെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് പകുതി മുതൽ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനം വളരെ അത്യാവശ്യ കാര്യങ്ങളിലേക്ക് മാത്രം ചുരുങ്ങിയിരിക്കുകയാണ്. പ്രമേയങ്ങളുടെ മേൽ ചർച്ചകൾ നടക്കുമ്പോൾ, അതിനെ എതിർക്കാൻ രാജ്യങ്ങളുടെ അധികാരം വളരെ പരിമിതമായി മാറിയ സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ നടപടി സജീവമായിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എതിർപ്പ് ഉന്നയിച്ചില്ലെങ്കിൽ നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ പ്രമേയം പാസാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത് മുന്‍പേ തന്നെ, ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ അത്യാവശ്യ സേവനങ്ങളുടെ പട്ടികയിലേക്ക് ഭ്രൂണഹത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത് സംഘടനയുടെ ജീവന്‍ വിരുദ്ധ നിലപാടിനെ ഒരിക്കലും കൂടി സ്ഥിരീകരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ അബോര്‍ഷന്‍ അനുകൂല നിലപാട് ഇതിനു മുന്‍പും പുറത്തുവന്നിരിന്നു. ഇതിനെതിരെ അമേരിക്ക, ഹംഗറി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »