News - 2025
'കൊല്ലാന്‍ കാരണം നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചത്': നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥിയുടെ ഘാതകന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 05-05-2020 - Tuesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്ന്‍ തട്ടിക്കൊണ്ടുപോയി പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സെമിനാരി വിദ്യാര്‍ത്ഥി മൈക്കല്‍ നാഡിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഘാതകന്‍. ബന്ധിതനായിട്ടും ഭയംകൂടാതെ നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചതാണ് മൈക്കിളിനെ കൊലപ്പെടുത്താൻ കാരണമെന്ന് കൊലപാതകിയായ മുഹമ്മദ് മുസ്തഫ ജയിലില്‍ നിന്ന്‍ വെളിപ്പെടുത്തിയതായാണ് നൈജീരിയൻ ദിനപത്രമായ ‘ഡെയ്‌ലി സൺ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ ജയില്‍ അധികാരികളുടെ അനുമതിയോടെ നടത്തിയ ടെലിഫോൺ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
"ബന്ധനത്തിൽ കഴിയുമ്പോഴും ഭയപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയായിരുന്നു മൈക്കിൾ. തെറ്റിന്റെ വഴിയിൽനിന്ന് പിന്മാറണമെന്ന് എന്റെ മുഖത്തുനോക്കി മൈക്കിൾ പറഞ്ഞു. ഇതിനാല്‍ ഞങ്ങള്‍ അവനെ കൊല്ലുകയായിരിന്നു". നാല്‍പ്പത്തിയഞ്ചോളം പേര്‍ ഉൾപ്പെട്ട അക്രമിസംഘത്തിലെ നേതാവായ ഇരുപത്തിയാറ് വയസുള്ള മുഹമ്മദ് മുസ്തഫ പറഞ്ഞു. വെളിപ്പെടുത്തല്‍ വന്നതോടെ മൈക്കിളിന്റെ മരണം രക്തസാക്ഷിത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്.
ജനുവരി എട്ടിനു രാത്രി പത്തു മണിയോടെ ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. തട്ടിക്കൊണ്ടു പോയവരില്‍ മൂന്നു പേർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഫെബ്രുവരി ഒന്നിന് മൈക്കിളിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക