Life In Christ - 2025

ഗവൺമെന്റ് അഭ്യർത്ഥിച്ചു: ഭവനരഹിതർക്ക് ഭക്ഷണത്തിനും ആരാധനയ്ക്കും അവസരം ഒരുക്കി ലണ്ടനിലെ ദേവാലയം

സ്വന്തം ലേഖകന്‍ 06-05-2020 - Wednesday

ലണ്ടൻ: ഭവനരഹിതർക്ക് ഭക്ഷണം നൽകിയും, കൂദാശകൾ സ്വീകരിക്കാൻ അവസരമൊരുക്കിയും ലണ്ടനിലെ സോഹോയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക് ദേവാലയം വാർത്തകളിൽ ഇടം പിടിക്കുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമാണ്, ദരിദ്രരായവർക്ക് ഇവിടെ വിതരണം ചെയ്യുന്നത്. ദിവ്യകാരുണ്യ ആരാധനയ്ക്കുളള അവസരവും ഇടവക ദേവാലയം സജ്ജീകരിച്ചിട്ടുണ്ട്. മൂല്യച്യുതിക്ക് കുപ്രസിദ്ധി ആർജ്ജിച്ച പ്രദേശത്താണ് സെന്റ് പാട്രിക് ദേവാലയം സ്ഥിതിചെയ്യുന്നത്. കൊറോണ വൈറസ് ഭീതി മൂലം മാർച്ച് മാസം പകുതിയോടു കൂടി നഗരത്തിലെ പ്രവർത്തനങ്ങൾ പലതും നിർത്തിവയ്ക്കാൻ ആരംഭിച്ചിരുന്നു.

എന്നാല്‍ വെസ്റ്റ് മിന്‍സ്റ്റർ കൗൺസിൽ അധികൃതർ ഭവനരഹിതർക്ക് ഭക്ഷണവും, ആശ്രയവും നൽകണമെന്ന് ആവശ്യപ്പെട്ട് സെന്റ് പാട്രിക് ദേവാലയത്തിന്റെ ചുമതലവഹിക്കുന്ന ഫാ. അലക്സാണ്ടർ ഷെർബ്രോക്കിനെ സമീപിക്കുകയായിരുന്നു. 2001ൽ ഇടവകയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.

ദിവസത്തിൽ രണ്ടു തവണയാണ് ഈ നാളുകളിൽ ഇടവക ദേവാലയം ഭക്ഷണം ഒരുക്കുന്നത്. ശരാശരി 220 ആളുകൾക്കെങ്കിലും ഭക്ഷണം നൽകുന്നുണ്ടെന്ന് ഫാ. അലക്സാണ്ടർ ഷെർബ്രോക്ക് പറയുന്നു. സമീപത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണം എത്തിക്കുന്നത്. നിരവധി സന്നദ്ധപ്രവർത്തകർ തങ്ങളെ സഹായിക്കാൻ എത്താറുണ്ടെന്നും ഫാ. ഷെർബ്രോക്ക് പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുമ്പോൾ, സർക്കാർ നിർദേശിക്കുന്ന സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രസ്തുത സന്നദ്ധപ്രവർത്തകർ പ്രാർത്ഥനയിലായിരിക്കും.

ഏതു സമയം വേണമെങ്കിലും ആവശ്യക്കാരെ കുമ്പസാരിക്കാനായി ഫാ. ഷെർബ്രോക്കും തയ്യാറാണ്. നാല് ചുവരുകൾക്കുള്ളിൽ സേവനം ചെയ്തിരുന്ന സഭ, ഇന്ന് തെരുവിൽ ശുശ്രൂഷ ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഡാമിയൻ, വിശുദ്ധ മദർ തെരേസ എന്നിവരാണ് തന്റെ മാതൃകയെന്നും ഫാ. ഷെർബ്രോക്ക് കൂട്ടിച്ചേർത്തു. ആളുകളെ നേരിട്ട് കണ്ട്, അവർക്ക് ജപമാലയും ബൈബിൾ വചനങ്ങളും പകർന്നുകൊടുക്കാൻ സാധിക്കുന്നതിനാൽ വലിയൊരു സുവിശേഷവത്ക്കരണമാണ് ദരിദ്രരുടെ ഇടയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു. 1792ൽ നിലവിൽവന്ന ഇടവക, നൂറ്റാണ്ടുകൾക്കു മുമ്പേ ദരിദ്രരായവർക്ക് അഭയ കേന്ദ്രമായിരുന്നു.

More Archives >>

Page 1 of 37