Life In Christ - 2025
വെഞ്ചിരിച്ചത് ആയിരത്തോളം ഭവനങ്ങള്‍: കൊറോണക്കെതിരെ ഐറിഷ് വൈദികന്റെ ഒറ്റയാള്‍ പോരാട്ടം
സ്വന്തം ലേഖകന്‍ 30-04-2020 - Thursday
ഡബ്ലിന്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ അയര്‍ലണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത വിശ്വാസികള്‍ക്ക് ആശ്വാസമാവുകയാണ് മയോ നഗരത്തിലെ ക്നോക്കിലെ ദേശീയ മരിയന്‍ ദേവാലയത്തിന്റെ റെക്ടറായ ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്. കഴിഞ്ഞ മൂന്നു ദിവസത്തിലധികമായി വെള്ള ളോഹയുമണിഞ്ഞ് ഹന്നാന്‍ വെള്ളവും ബൈബിളുമായി പ്രാദേശിക ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം.
കഴിഞ്ഞയാഴ്ച ചൊവ്വ മുതല്‍ വെള്ളിവരെ ഏതാണ്ട് അന്‍പത്തിയെട്ടോളം ചെറു പട്ടണങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. താന്‍ ചെല്ലുന്നിടത്തെല്ലാം പ്രദേശവാസികള്‍ തങ്ങളുടെ ഭവനത്തിന്റെ ജനലുകളും വാതിലുകളിലും വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‍ തന്റെ മാര്‍ഗ്ഗമദ്ധ്യേയുള്ള ഏതാനും ഭവനങ്ങളും അദ്ദേഹം വെഞ്ചരിച്ചു. ഈ വാര്‍ത്ത പരന്നതോടെയാണ് അദ്ദേഹം മുഴുവന്‍ മേഖലകളിലെ ഭവനങ്ങളും വെഞ്ചരിക്കുവാന്‍ തീരുമാനിച്ചത്.
ഇതിനോടകം തന്നെ ആയിരത്തോളം വീടുകള്‍ വെഞ്ചരിച്ചതായാണ് വൈദികന്റെ അനുമാനം. തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യം ജനങ്ങളില്‍ വളര്‍ത്തുവാനും, വൈദികര്‍ക്ക് വിശ്വാസികളെ കാണുവാന്‍ ആഗ്രഹമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയുമാണ് തന്റെ ദൗത്യത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഫാ. റിച്ചാര്‍ഡ് പറഞ്ഞു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആളുകളെ മുഖാമുഖം കാണുവാന്‍ സാധിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും, വിശ്വാസികള്‍ അതിനെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ ‘ഐറിഷ് പോസ്റ്റ്’ ആണ് വൈദികന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ സാക്ഷ്യം പുറത്ത് കൊണ്ടുവന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക