Life In Christ - 2025

കത്തോലിക്ക സഭ മാനവിക പ്രത്യയ ശാസ്ത്രങ്ങളുടെ ഭീഷണിയില്‍: എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ

സ്വന്തം ലേഖകന്‍ 07-05-2020 - Thursday

മ്യൂണിച്ച്: ആഗോള തലത്തില്‍ മാനവിക പ്രത്യയശാസ്ത്രങ്ങളുടെ ലോക വ്യാപക സ്വേച്ഛാധിപത്യം കത്തോലിക്ക സഭയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. പ്രശസ്ത ജര്‍മ്മന്‍ ഗ്രന്ഥകാരനായ പീറ്റര്‍ സീവാള്‍ഡ് രചിച്ച ബനഡിക്ട് പതിനാറാമന്റെ പുതിയ ജീവചരിത്രത്തിന്റെ അവസാന അധ്യായത്തിലാണ് 2013-ല്‍ സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്റെ ഈ പരാമര്‍ശം ഉള്‍ചേര്‍ത്തിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹം, അബോര്‍ഷന്‍, ലബോറട്ടറികളിലൂടെയുള്ള മനുഷ്യ സൃഷ്ടി തുടങ്ങിയവ താന്‍ പറഞ്ഞതിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയെന്ന്‍ ജര്‍മ്മന്‍ കത്തോലിക്ക ന്യൂസ് ഏജന്‍സി (കെ.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധുനിക സമൂഹം ഒരു 'ക്രിസ്ത്യന്‍ വിരുദ്ധ സമൂഹ'ത്തെ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണെന്നും മുന്‍ പാപ്പ ചൂണ്ടിക്കാട്ടി. ഇതിനെ ചെറുക്കുന്നവര്‍ സമൂഹത്തില്‍ നിന്നുള്ള പുറംതള്ളല്‍ പോലെയുള്ള ശിക്ഷകള്‍ക്കിരയാകുന്നു. വിശ്വാസപരമായ പ്രതിസന്ധി 'ക്രൈസ്തവ അസ്ഥിത്വം' സംബന്ധിച്ച പ്രതിസന്ധിയായി മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‍ ഈ നൂറ്റാണ്ടിലെ സഭയുടെ അവസ്ഥയെക്കുറിച്ച് വിവരിക്കവേ, അദ്ദേഹം പരാമര്‍ശിച്ചു. തന്റെ വിരമിക്കലിന്റെ കാരണങ്ങളെക്കുറിച്ചും സീവാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പാപ്പ വിവരിച്ചു.

വത്തിക്കാനില്‍ ഉയര്‍ന്ന ആരോപണങ്ങളോ വത്തിലീക്ക്സ് അപവാദങ്ങളോ കാരണമല്ല താന്‍ രാജിവെച്ചതെന്ന്‍ അദ്ദേഹം ആവര്‍ത്തിച്ചു. വിശുദ്ധരായ പോള്‍ ആറാമനും, ജോണ്‍ പോള്‍ രണ്ടാമനും ഒപ്പുവെച്ചിട്ടുള്ള വിരമിക്കല്‍ സംബന്ധിച്ച സോപാധികമായ പ്രഖ്യാപനത്തില്‍, ശരിയായ വിധത്തില്‍ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സമാകുന്ന വിധത്തിലുള്ള രോഗാവസ്ഥയില്‍ വിരമിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും, താന്‍ കുറച്ച് നേരത്തേ അത് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സീവാള്‍ഡ് രചിച്ച ബെനഡിക്ട് പതിനാറാമന്റെ പുതിയ ജീവചരിത്രം മെയ് 4ന് ജര്‍മ്മനിയിലാണ് പ്രകാശനം ചെയ്തത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് നവംബർ 17ന് പുറത്തിറങ്ങുമെന്നാണ് സൂചന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 37