Arts - 2024

‘ഡയല്‍ എ മാസ്': ലോക്ക് ഡൗണിലെ ദിവ്യബലി പങ്കാളിത്തത്തിന് നവീന മാര്‍ഗവുമായി ബ്രിട്ടീഷ് രൂപത

സ്വന്തം ലേഖകന്‍ 09-05-2020 - Saturday

മിഡില്‍സ്ബ്രോ: വിശ്വാസികള്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായം കൂടാതെ വിശുദ്ധ കുര്‍ബാന കേള്‍ക്കുവാനായി വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബ്രോ കത്തോലിക്ക രൂപത ആരംഭിച്ച ‘ഡയല്‍ എ മാസ്’ സേവനം ശ്രദ്ധയാകര്‍ഷിക്കുന്നു. മെയ് 3ന് മിഡില്‍സ്ബ്രോ ബിഷപ്പ് ടെറെന്‍സ് ഡ്രെയിനി ആരംഭിച്ച ഫോണിലൂടെ വിശുദ്ധ കുര്‍ബാന കേള്‍ക്കുവാന്‍ സഹായിക്കുന്ന ‘ഡയല്‍ എ മാസ്’ ഇതിനോടകം തന്നെ നൂറോളം പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തിയെന്ന്‍ രൂപത വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സേവനമാണിത്. സേവനത്തിനായി വിളിക്കുന്ന വിശ്വാസികള്‍ക്ക് മിഡില്‍സ്ബ്രോ രൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശമാണ് ആദ്യമായി കേള്‍ക്കുവാന്‍ കഴിയുന്നത്. പിന്നീടാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഞായറാഴ്ച കുര്‍ബാന ലഭ്യമാകുന്നത്.

സൗജന്യ സേവനത്തിനു വേണ്ട സാമ്പത്തിക പിന്തുണ നല്‍കുന്നത് ‘നൈറ്റ്സ് ഓഫ് കോളംബാ കൗണ്‍സില്‍’ ആണ്. മാര്‍ച്ച് 20 മുതല്‍ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഇംഗ്ലണ്ടില്‍ റദ്ദാക്കിയ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ എന്നു പുനരാരംഭിക്കുമെന്ന യാതൊരു സൂചനയും ഇല്ലാത്ത സാഹചര്യത്തിലാണ് മിഡില്‍സ്ബ്രോ പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണോ, വൈഫൈ സൗകര്യമോ ഇല്ലാത്തതിനാല്‍ തത്സമയ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് സേവനം കൂടുതല്‍ പ്രയോജനപ്പെടുക. കൊറോണയെ തുടര്‍ന്നു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള സഭയുടെ ക്രിയാത്മകമായ പ്രതികരണമാണിതെന്നാണ് സേവനത്തെക്കുറിച്ച് ബിഷപ്പ് ടെറെന്‍സ് പറയുന്നത്.

അതേസമയം വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വിശുദ്ധവാരത്തോട് അനുബന്ധിച്ചു പുറപ്പെടുവിച്ച ഡിക്രിയില്‍ തിരുകര്‍മ്മങ്ങളില്‍ തത്സമയം വീടുകളില്‍ ഇരുന്നു പങ്കുചേരണമെന്ന് നിര്‍ദ്ദേശമുണ്ടായിരിന്നു. റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലായെന്നും ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയമുള്ള ബന്ധപ്പെടലാണെന്നും അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »