News - 2024

ഫാത്തിമ തിരുനാള്‍ ദിനത്തില്‍ ബ്രസീലിനെ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 15-05-2020 - Friday

റിയോ ഡി ജനീറോ: തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ റിയോ ഡി ജെനീറോ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഒറാനി ജൊവാ ടെമ്പെസ്റ്റ രാജ്യത്തെ പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു. ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റിയോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ‘സാങ്ച്വറി ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ’ ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് സമര്‍പ്പണം നടന്നത്.

ലോകത്ത് കോവിഡ് 19 ഏറ്റവും വേഗത്തില്‍ പടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് ബ്രസീല്‍. ഈ സാഹചര്യത്തിലാണ് സമര്‍പ്പണം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ആയിരകണക്കിന് വിശ്വാസികളാണ് ഓണ്‍ലൈനിലൂടെ സമര്‍പ്പണ കര്‍മ്മം വീക്ഷിച്ചത്. ‘ഇന്ന്‍ ഫാത്തിമാ മാതാവിന്റെ ഭക്തരെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിവസമാണെന്ന്‍' ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ ടെമ്പെസ്റ്റ പറഞ്ഞു.

പകര്‍ച്ചവ്യാധിയുടേതായ ഈ സമയത്ത് അവശ്യ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കൊപ്പം മാതാവുണ്ടായിരിക്കുമെന്നും വിശ്വസ്തതയുടേയും പ്രതീക്ഷയുടേയും സാന്നിധ്യമായിരിക്കുവാനാണ് ദൈവമാതാവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാത്തിമ ലോകത്തിന്റെ തന്നെ അള്‍ത്താര ആണെന്ന്‍ കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഒന്നാം ലോകമഹായുദ്ധം, സ്പാനിഷ് ഫ്ലൂ, കത്തോലിക്കാ വിരുദ്ധ സിദ്ധാന്തങ്ങള്‍ തുടങ്ങി ഇന്നത്തേപ്പോലെ പ്രതിസന്ധിയേറിയ സമയത്തായിരുന്നു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതെന്ന വസ്തുതയും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »