News

സർവ്വമത പ്രാർത്ഥന: അൾത്താരയ്ക്കു മുന്നിൽ ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം വിജാതീയ വിഗ്രഹങ്ങളും; വൈദികനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ 16-05-2020 - Saturday

ബ്രെന്റ്‌വുഡ്: സർവ്വമത പ്രാർത്ഥനാദിനത്തിൽ ബ്രിട്ടണിലെ ബ്രെന്റ്‌വുഡ് രൂപതയിൽ സ്ഥിതിചെയ്യുന്ന ഇംഗ്ലീഷ് രക്തസാക്ഷികളുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം വിജാതീയ രൂപങ്ങൾ അൾത്താരയ്ക്കു മുന്നിൽ പ്രതിഷ്ഠിച്ച പ്രവര്‍ത്തിയില്‍ വ്യാപക പ്രതിഷേധം. വിജാതീയ വിഗ്രഹങ്ങളോടൊപ്പം ക്രിസ്തുവിന്റെ ചിത്രവും സ്ഥാപിച്ചു സര്‍വ്വമത പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനുള്ള ആഹ്വാനത്തിനെതിരെയാണ് വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വന്നത്. രൂപതയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു.

രൂപതയിലെ മതാന്തര സംവാദത്തിന്റെ ചുമതലയുള്ള ഇന്ത്യൻ വംശജനായ ഫാ. ബ്രിട്ടോ ബെലെവേന്ദ്രനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി. സർവ്വമത പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്ന ഉള്ളടക്കത്തോട് കൂടിയായിരിന്നു പോസ്റ്റ്. കത്തോലിക്ക വൈദികനായ ഫാ. ബ്രിട്ടോ ഒന്നാം പ്രമാണം ലംഘിച്ച് വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്നുവെന്നും ദൈവനിന്ദ നടത്തുകയാണെന്നും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുമായാണ് വിശ്വാസികള്‍ രംഗത്ത് വന്നത്. ഇത് കടുത്ത ഒന്നാം പ്രമാണ ലംഘനമാണെന്നും, രൂപതാ ചാൻസിലറിനെ പ്രതിഷേധം അറിയിക്കാൻ ഉടനെ ബന്ധപ്പെടുമെന്നും ഒരു വിശ്വാസി ട്വിറ്ററിൽ കുറിച്ചു.

അധികം വൈകാതെ തന്നെ രൂപതയുടെ ഔദ്യോഗിക പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിക്കപ്പെടുകയായിരിന്നു. യേശു ക്രിസ്തുവിലും തിരുസഭയിലുമുള്ള വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ ഇംഗ്ലീഷ് രക്തസാക്ഷികളുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ തന്നെ ഇങ്ങനെ നടന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് കത്തോലിക്ക മാധ്യമ പ്രവർത്തകയായ കരോളിൻ ഫാരോ പ്രതികരിച്ചു. ഒരാഴ്ച മുന്‍പാണ് രക്തസാക്ഷികളുടെ തിരുനാള്‍ ദേവാലയത്തില്‍ ആചരിച്ചതെന്നും ഫാ. ബ്രിട്ടോ ചെയ്ത പ്രവർത്തി രക്തസാക്ഷികളുടെ നിസ്വാർത്ഥ ത്യാഗത്തിനു മേൽ കാർക്കിച്ചു തുപ്പുന്നതിനു തുല്യമാണെന്നും കരോളിൻ തുറന്നടിച്ചു.

അതേസമയം വൈദികനെയോ രൂപതയേയോ അനുകൂലിച്ച് ഒരാൾപോലും രംഗത്തെത്തിയില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. വിഷയത്തില്‍ വിശദീകരണം തേടി കത്തോലിക്ക മാധ്യമമായ ചർച്ച് മിലിറ്റൻറ്റ് വൈദികനെ ബന്ധപ്പെട്ട് അരമണിക്കൂറിനുള്ളിൽ തന്നെ ട്വീറ്റ് രൂപതയുടെ പേജിൽ നിന്നും നീക്കം ചെയ്യപ്പെടുകയായിരിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതാന്തര സംവാദത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയ്ക്ക് കോട്ടം വരുന്ന രീതിയിലുളള ആരാധന രീതികൾ ചില വൈദികർ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നുണ്ടെന്നാണ് സമീപകാലത്തെ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »