News - 2024

ക്രിസ്തുമസിനെ വിജാതീയവത്ക്കരിക്കരുത്: മുന്നറിയിപ്പുമായി ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 05-12-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗമന കാലഘട്ടത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ ജാഗരൂകരായിക്കണമെന്നും, ആത്മീയമായ അലസതയും, ഭൗതികതയും ഉപേക്ഷിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ക്രിസ്ത്യാനികൾ ദെെവജനമാണെങ്കിലും ചിലപ്പോൾ ഭൗതികതയിൽ ആഴപ്പെട്ട് നമ്മുടെ ക്രിസ്തീയതയെ വിജാതീയവത്ക്കരിക്കാറുണ്ടെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ ഇരുപതിനായിരത്തോളം വരുന്ന വിശ്വാസി സമൂഹത്തോാടായി പാപ്പ പറഞ്ഞു.

ദൈവമായ ക്രിസ്തു മനുഷ്യനായി അവതരിച്ചതു ലോകത്തെ രക്ഷിക്കാനാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ പിറന്നാള്‍ ഒരു ആഘോഷമായി മാത്രം മാറ്റപ്പെടുന്ന അപകടം ഇന്ന് സര്‍വ്വസാധാരണമാണ്. ക്രിസ്തുമസിനെ ആഘോഷമായി മാറ്റിമറിക്കുന്നത് ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള ഒരു പ്രലോഭനമാണ്. എന്നാല്‍ ധ്യാനാത്മകമാക്കേണ്ട ഒരു ആത്മീയ ഉത്സവമാണ് ക്രിസ്തുമസ്. അതിനുപകരം, ക്രിസ്തുവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങുമെങ്കിലും, കുറെക്കഴിയുമ്പോള്‍ കേന്ദ്രത്തായിരുന്ന അവിടുത്തെ മറന്നുപോവുകയും, ആഘോഷങ്ങളുടെ തിമര്‍പ്പില്‍ മനുഷ്യര്‍ മുഴുകിപ്പോവുകയും ചെയ്യുന്നു.

ക്രിസ്തുമസിനു മുന്നോടിയായുളള ആഗമന കാലത്തിൽ, സാധ്യമായ വിധത്തിലെല്ലാം ആത്മീയ ഫലങ്ങൾ കൊയ്യാൻ വിശ്വാസി സമൂഹത്തിന് പാപ്പ പ്രോത്സാഹനം നൽകി. ആഗമന കാലം ക്രിസ്തുമസിനെ എതിരേൽക്കാനുളള കാത്തിരിപ്പു മാത്രമല്ല എന്നും, ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിനായി ഒരുങ്ങാനുളള ക്ഷണം കൂടിയാണെന്നും ഫ്രാൻസിസ് പാപ്പ വിശ്വാസി സമൂഹത്തെ ഒാർമിപ്പിച്ചു. ഉണർന്നിരുന്നുളള പ്രാർത്ഥനയാണ് ആഗമന നാളുകളുടെ താക്കോലെന്നും പാപ്പ കൂട്ടിച്ചേർത്തു.

നമ്മുടെ മനസ്സും, ഹൃദയവും ചുറ്റുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങളിലേയ്ക്ക് തുറക്കാനുളള ക്ഷണം കൂടിയാണ് ആഗമന മാസത്തിന്റെ ലക്ഷ്യം എന്നും പാപ്പ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ക്രിസ്തുമസിനെ കൊടുക്കൽ, വാങ്ങലിനുളള ദിനം മാത്രമായി കാണരുത് എന്ന് മുന്നറിയിപ്പ് നൽകിയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »