News - 2024

പതിമൂന്നോളം പേരുടെ നാമകരണ നടപടികൾക്കു പാപ്പയുടെ അംഗീകാരം

പ്രവാചക ശബ്ദം 28-05-2020 - Thursday

വത്തിക്കാന്‍ സിറ്റി: മധ്യസ്ഥതയിൽ നടന്ന അത്ഭുതം, രക്തസാക്ഷിത്വം, വീരോചിത ജീവിതം തുടങ്ങിയവയെ അടിസ്ഥാനമാക്കി പതിമൂന്നോളം പേരുടെ നാമകരണ നടപടികൾ മുന്നോട്ടു പോകുവാനുള്ള അംഗീകാരം ഫ്രാൻസിസ് മാർപാപ്പ നൽകി. മെയ് 26നു വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെച്ചു സമര്‍പ്പിച്ച ‍ഡിക്രി പാപ്പ പരിശോധിച്ച് ഒപ്പുവച്ചതോടെയാണ് ഇവരുടെ നാമകരണ നടപടി ത്വരിതഗതിയിലായത്. വാഴ്ത്തപ്പെട്ട മൂന്നുപ്പേരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തികളും, മൂന്നു ധന്യാത്മാക്കളുടെ മധ്യസ്ഥശക്തിയാല്‍ നടന്ന അത്ഭുതങ്ങളും ആറ് ദൈവദാസരുടെ രക്തസാക്ഷിത്വവും, ദൈവദാസനായ മറ്റൊരു ഫ്രഞ്ച് മിഷ്ണറിയുടെ വീരോചിതപുണ്യങ്ങളുമാണ് പാപ്പ അംഗീകരിച്ചിരിക്കുന്നത്.

ക്രിസ്തീയ പ്രബോധനങ്ങളുടെ സന്ന്യാസ സഭയുടെ സ്ഥാപകനായ ഫ്രാന്‍സ് സ്വദേശി വാഴ്ത്തപ്പെട്ട സെസാരെ ഡെ ബസ് (1544-1607), ഫ്രഞ്ചുകാരനും ഇടവക വൈദികനുമായ വാഴ്ത്തപ്പെട്ട ചാള്‍സ് ദി ഫൊക്കോള്‍ഡ് (1858-1916), തിരുക്കുടുംബത്തിന്‍റെ എളിയ ദാസികളുടെ സന്ന്യാസസഭയുടെ സഹസ്ഥാപക ഇറ്റലി സ്വദേശിയായ വാഴ്ത്തപ്പെട്ട മരിയ ഡോമിനിക് മൊന്തോവാന്നി (1862-1934) എന്നിവരുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതങ്ങള്‍ പാപ്പ അംഗീകരിച്ചു. ഇതോടെ ഇവര്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.

കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനും ഇടവക വൈദികനുമായിരിന്ന ധന്യന്‍ ഫാ. മൈക്കിൾ ജെ. മഗ്ഗീവ്നി (1852-1890). വിശ്വാസ പ്രചാരണത്തിന്‍റെയും സജീവ ജപമാല സഖ്യത്തിന്‍റെയും (Community for Propagation of Faith & Living Rosary) സ്ഥാപകയായ ധന്യയായ പൗളീന മരിയ ജാര്‍ക്കോട്ട് തുടങ്ങിയവരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതവും അംഗീകരിച്ചിട്ടുണ്ട്. പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും.

ഇറ്റലിക്കാരും സിസ്റ്റേരിയന്‍ സഭാംഗങ്ങളുമായ ദൈവദാസര്‍ സൈമണ്‍ കര്‍ദോണിന്‍റെയും അദ്ദേഹത്തിന്‍റെ അഞ്ചുസഹചരന്മാരുടെയും കാസാമാരിയില്‍വച്ചുള്ള വിശ്വാസത്തെപ്രതിയുള്ള മരണം, ഫ്രാന്‍സിസ്ക്കന്‍ സംഭാംഗമായ (Friar Minor) വൈദികന്‍, ഇറ്റലിക്കാരന്‍ കോസ്മ സ്പെസ്സോത്തൊ തുടങ്ങിയവരുടെ മരണം രക്തസാക്ഷിത്വമായും ഇന്ത്യയില്‍ പോണ്ടിച്ചേരിയിലും കോയമ്പത്തൂരിലും മിഷ്ണറിയായി സേവനം ചെയ്ത ഫ്രഞ്ചുകാരനും ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപകനുമായ ദൈവദാസന്‍, ബിഷപ്പ് മെല്‍ക്കിയോര്‍ മരിയ ദി മാരിയോണ്‍ ബ്രഷിലാക്കിന്‍റെ വീരോചിതപുണ്യങ്ങളും പാപ്പ അംഗീകരിച്ച ഡിക്രിയില്‍ ഉള്‍പ്പെടുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »