News - 2024

അമേരിക്കയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ചരിത്ര പ്രസിദ്ധമായ സെന്റ്‌ പാട്രിക് ദേവാലയം വികൃതമാക്കി

സ്വന്തം ലേഖകന്‍ 01-06-2020 - Monday

മാന്‍ഹട്ടന്‍: അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ്‌ പാട്രിക് കത്തീഡ്രല്‍ ദേവാലയം പ്രതിഷേധക്കാര്‍ വികൃതമാക്കി. ദേവാലയത്തിന്റെ പുറം ഭിത്തിയില്‍ BLM (ബ്ലാക്ക് ലിവ്സ് മാറ്റര്‍), NYPDK എന്നീ വാക്കുകളും അശ്ലീലപദങ്ങളും കറുപ്പും, ചുവപ്പും പെയിന്റ് ഉപയോഗിച്ച് ഭിത്തിയില്‍ എഴുതിയിരിക്കുകയാണ്. കടുത്ത വിമര്‍ശനമാണ് ഹീനമായ ഈ പ്രവര്‍ത്തിക്കെതിരെ ഉയരുന്നത്. ദേവാലയം വികൃതമാക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ മേരി മര്‍ഫി ദേവാലയത്തിന്റെ ഭിത്തി വികൃതമാക്കുന്നതിന്റെ സിസിടിവി ക്യാമറാ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വെളുത്തവര്‍ഗ്ഗക്കാരായ രണ്ടു സ്ത്രീകളാണ് ഇതിന്റെ പിന്നിലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇക്കാര്യം ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡിക്റ്ററ്റീവ് തലവനായ റോഡ്നി ഹാരിസണെ അറിയിച്ചിട്ടുണ്ടെന്നും മര്‍ഫിയുടെ ട്വീറ്റില്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ദേവാലയത്തിനെതിരെ നടന്നത് ക്രൂരമായ പ്രവര്‍ത്തിയാണെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയിലെ ഏറ്റവും മനോഹരമായ കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ കത്തീഡ്രല്‍ ദേവാലയം പ്രതിഷേധക്കാര്‍ അലംകോലമാക്കിയെന്നും വിഷയത്തില്‍ നീതിയും നിയമവും നടപ്പിലാക്കേണ്ടതുണ്ടെന്നും ഫാ. ഗ്രാന്റ് സിക്കോണെ എന്ന വൈദികന്‍ ട്വീറ്റ് ചെയ്തു. “കോവിഡ് 19 കാരണം ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാഞ്ഞതിനാല്‍ സെന്റ്‌ പാട്രിക്ക് കത്തീഡ്രലിന്റെ മുന്നില്‍ നിന്ന് ഒരുനിമിഷം പ്രാര്‍ത്ഥിക്കാം എന്ന് വിചാരിച്ച തനിക്ക് കാണുവാന്‍ കഴിഞ്ഞതിതാണ്. ഇതേക്കുറിച്ച് പറയുവാന്‍ വാക്കുകളില്ല” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. "നീതി നേടിയെടുക്കുവാന്‍ പ്രാര്‍ത്ഥനാലയം വികൃതമാക്കുന്നതെന്തിന്?" എന്ന ചോദ്യമുയര്‍ത്തുന്നവരും നിരവധിയാണ്. ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »