News
ഹാലോവീന്‍ ദിനത്തില്‍ പൈശാചിക ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ട സെമിത്തേരി പുനര്‍സമര്‍പ്പിച്ചു
പ്രവാചകശബ്ദം 18-11-2022 - Friday
മിന്നിസോട്ടാ: അമേരിക്കയിലെ മിന്നിസോട്ടായില്‍ ഇക്കഴിഞ്ഞ ഹാലോവീന്‍ ദിനാഘോഷത്തില്‍ സാത്താനിക ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ട സെമിത്തേരിയുടെ പുനര്‍സമര്‍പ്പണം നടത്തി. റോച്ചസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബര്‍ട്ട് ബാരോണിന്റെ നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. നിരവധി വിശ്വാസികളും, സെമിനാരി വിദ്യാര്‍ത്ഥികളും പുനര്‍സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുത്തു. ഹാലോവീന്‍ രാത്രിയില്‍ പുണ്യ സ്ഥലം അശ്ലീല ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ടുവെന്നും സാത്താന്റെ പേരുപോലും എഴുതപ്പെട്ടെന്നും ബിഷപ്പ് പറഞ്ഞു. സെമിത്തേരിയിലെ ക്രിസ്തു രൂപവും, കുരിശും അഞ്ചോളം സ്മരണിക ചുവരുകളും, രണ്ട് കല്ലറ ഫലകങ്ങളും ചുവരെഴുത്തുകളാല്‍ വികൃതമാക്കിയിരിന്നു.
ചുവരെഴുത്തുകളില്‍ അശ്ലീല സന്ദേശങ്ങളും, “സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന്‍ എഴുതിയിരിക്കുന്നതും വ്യക്തമായി കാണാമെന്നും ‘കെഎംടി3’ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാലോവീന്‍ ആഘോഷത്തിന് പിന്നിലെ പൈശാചികത വെളിവാക്കുന്നതായിരിന്നു സംഭവം. അന്ത്യവിശ്രമം കൊള്ളുന്നവരെ ആദരിക്കുന്ന ഈ സ്ഥലം സമാധാനത്തിന്റേയും പ്രാര്‍ത്ഥനയുടേയും സ്ഥലമായി മാറുന്നതിന് ആത്മീയ ശുദ്ധീകരണം കൂടി ആവശ്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അതിനാലാണ് പുനര്‍ സമര്‍പ്പണമെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധരുടെ ലുത്തീനിയ, സുവിശേഷ വായന, വിശുദ്ധ ജലവും തളിച്ചുള്ള വെഞ്ചിരിപ്പ് എന്നിവ അടക്കമായിരിന്നു പുനര്‍സമര്‍പ്പണം.
“സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയിരിക്കുന്ന അങ്ങയുടെ തീര്‍ത്ഥാടകരുടെ ഈ വിശ്രമ സ്ഥലം ശുദ്ധീകരിക്കണമെ. ഇവിടെ അടക്കം ചെയ്യപ്പെട്ടവരേ മഹത്വത്തിന്റെ ശക്തിയാലും, അങ്ങയുടെ പുനരുത്ഥാനത്താലും പുനര്‍ജ്ജീവിപ്പിക്കണമേ. അവരെ നിത്യ സന്തോഷത്തിലേക്ക് ആനയിക്കണമെ” - പുനര്‍സമര്‍പ്പണത്തിനിടെ മെത്രാന്‍ പ്രാര്‍ത്ഥിച്ചു. അതിക്രമത്തെ അപലപിച്ച ബിഷപ്പ് ബാരണ്‍ ഇതുമൂലം ദുഃഖമനുഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. അതിക്രമം സാമാന്യ മര്യാദക്ക് മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുവാനും, അവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാനുമായി ഇവിടെ എത്തുന്നവരോടുള്ള അവഹേളനം കൂടിയാണെന്നും ബിഷപ്പ് പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
