Life In Christ - 2025
കൊറോണക്കിടെ നൈജീരിയയിലെ തെരുവ് ബാല്യങ്ങളുടെ വയറും ഹൃദയവും നിറച്ച് കത്തോലിക്ക സന്യാസിനികള്‍
പ്രവാചക ശബ്ദം 03-06-2020 - Wednesday
അബൂജ: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ദുരിതമനുഭവിക്കുന്ന നൈജീരിയയിലെ തെരുവ് കുട്ടികള്‍കളുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക സന്യാസിനികളുടെ സേവനങ്ങള്‍ തുടരുന്നു. തെക്കു കിഴക്കന്‍ നൈജീരിയയിലെ എനുഗു സംസ്ഥാനത്തില്‍ ചാരിറ്റി ഹോം നടത്തുന്ന ‘ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ലവ്’ സഭാംഗങ്ങളായ കന്യാസ്ത്രീകളാണ് ആരോരുമില്ലാത്ത തെരുവ് കുട്ടികള്‍ക്ക് ഭക്ഷണവും ഇതര സഹായങ്ങളും നല്‍കുന്നത്. ഭവനരഹിതരായ അന്‍പതിലധികം കുട്ടികളെ തങ്ങളുടെ ചാരിറ്റി ഹോമില്‍ താമസിപ്പിച്ച് അവര്‍ക്ക് വേണ്ട പരിപാലനവും വിദ്യാഭ്യാസവും ഇവര്‍ ഒരുക്കുന്നുണ്ട്.
പാവങ്ങളെ സേവിക്കുക എന്നത് തങ്ങളുടെ പ്രേഷിത ദൗത്യമാണെന്നും എന്തൊക്കെ ബുദ്ധിമുട്ട് നേരിട്ടാലും തങ്ങളുടെ സേവനം തുടരുമെന്നുമാണ് സിസ്റ്റര്‍ വെരിറ്റാസ് ഒന്യെമെലൂക്കെ പറയുന്നത്. ഈ ശുശ്രൂഷകള്‍ കൂടാതെ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വാങ്ങിവെച്ച ഭക്ഷ്യസാധനങ്ങള്‍ സന്യാസിനികള്‍ പാകം ചെയ്ത് പൊതികളാക്കി ‘നൈജീരിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍’ (എന്‍.സി.ഡി.സി) ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തെരുവുകളില്‍ പോയി അനാഥരായ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുമുണ്ട്. പ്രാദേശികമായി ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫേസ് മാസ്കുകളും, സാനിട്ടൈസറും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.
നൈജീരിയയുടെ തെക്ക്-പടിഞ്ഞാറു ഭാഗത്തും ഇതേ സഭയില്‍ ഉള്‍പ്പെട്ട സന്യാസിനികളും തങ്ങളുടെ കോണ്‍വെന്റില്‍ തെരുവ് കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്നു. ‘ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ലവ്’ സഭക്ക് പുറമേ ഇതര സഭകളില്‍ പെട്ട കന്യാസ്ത്രീകളും കാരുണ്യ പ്രവര്‍ത്തികളുമായി പാവപ്പെട്ടവര്‍ക്കിടയില്‍ സജീവമാണ്. തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഇലോറിനിലുള്ള ‘സിസ്റ്റേഴ്സ് ഓഫ് ദി നോട്രെ ഡെയിം ഡെ നാമുര്‍’ സഭയില്‍ പെട്ട സന്യസ്ഥര്‍ കഴിഞ്ഞയാഴ്ച അമ്പതിലധികം കുട്ടികള്‍ക്കാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. മഹാമാരി ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ സന്നദ്ധ സേവനങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താതെ യേശു പഠിപ്പിച്ച കാരുണ്യത്തിന്റെ ഉത്തമ മാതൃകയാവുകയാണ് ഈ സന്യാസിനികള്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക