Life In Christ

ലക്ഷങ്ങളുടെ കണ്ണീരൊപ്പുന്ന നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

പ്രവാചക ശബ്ദം 28-05-2020 - Thursday

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളില്‍ ഒന്നായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ ധന്യന്‍ ഫാ. മൈക്കിൾ ജെ. മഗ്ഗീവ്നി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഫാ. മൈക്കിളിന്റെ മാധ്യസ്ഥയിൽ സംഭവിച്ച ഒരു അത്ഭുതം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞദിവസം അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ജീവൻ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ടായിരുന്ന അവസ്ഥയിൽ ഒരു ഗർഭസ്ഥ ശിശുവിന് മഗ്ഗീവ്നിയുടെ മാധ്യസ്ഥം വഴി സൗഖ്യം ലഭിച്ചിരുന്നു. ഈ അത്ഭുതമാണ് വത്തിക്കാൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നതെന്നാണ് നൈറ്റ്സ് ഓഫ് കൊളംബസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മൈക്കിൾ ജെ. സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

അമേരിക്കയിലെ കണക്ടിക്കട്ട് സംസ്ഥാനത്തെ വാട്ടർബറിയിൽ 1852ലാണ് ഫാ. മൈക്കിൾ മഗ്ഗീവ്നി ജനിച്ചത്. 1877ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച മഗ്ഗീവ്നി അമേരിക്കയിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കത്തോലിക്ക വിശ്വാസികൾക്ക് ആത്മീയ ബലം നൽകാനും, ദരിദ്രരായവരെ സഹായിക്കാനുമായാണ് അദ്ദേഹം നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയ്ക്ക് 1882-ല്‍ കൊടി നാട്ടുന്നത്. കാരുണ്യം, ഐക്യം, സാഹോദര്യം, ദേശഭക്തി എന്നിവയിലൂന്നിയാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. ലക്ഷകണക്കിന് ആളുകളുടെ കണ്ണീരാണ് ഫാ. മൈക്കിൾ തുടങ്ങിയ സംഘടന ഒപ്പിയത്. 1890 ഓഗസ്റ്റ് 14നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.

മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍, ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പിന്തുണ, വാര്‍ഷിക തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംഘടന വളരെ സജീവമാണ്. 1997ലാണ് മഗ്ഗീവ്നിയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത്. 2008ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു.

ഇനി ഒരു അത്ഭുതം കൂടി മൈക്കിൾ മഗ്ഗീവ്നിയുടെ മധ്യസ്ഥതയിൽ നടന്നാൽ പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, കണക്ടിക്കട്ടിലായിരിക്കും ചടങ്ങുകൾ ക്രമീകരിക്കുകയെന്ന് സംഘടന വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 38