News - 2025
‘യോഗക്ക് ക്രിസ്തീയ ജീവിതത്തില്‍ സ്ഥാനമില്ല’: പ്രഖ്യാപനവുമായി ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ
പ്രവാചക ശബ്ദം 06-06-2020 - Saturday
ഏഥന്‍സ്: ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാന ഭാഗമായതിനാല്‍ ക്രൈസ്തവ വിശ്വാസത്തില്‍ യോഗയ്ക്ക് സ്ഥാനമില്ലെന്ന തുറന്ന പ്രഖ്യാപനവുമായി ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ സൂനഹദോസ്. ഏഥന്‍സ് മെത്രാപ്പോലീത്ത ഇറേനിമോസിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന സിനഡ് കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുത്തത്. കൊറോണ സമയത്തുള്ള മാനസിക സമ്മര്‍ദ്ധങ്ങളെ നേരിടുവാന്‍ യോഗ ഫലപ്രദമാണെന്ന മാധ്യമ പ്രചാരണം വ്യാപകമായിരിന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് ജാഗ്രത നിര്‍ദേശവുമായി ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നത്.
ഗ്രീസ് ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, മതപരമായ സമന്വയം ഒഴിവാക്കേണ്ടത് സഭയുടെ അജപാലകപരമായ ഉത്തരവാദിത്വമാണ്. അതിനാല്‍ യോഗ എന്നത് വെറുമൊരു വ്യായാമമല്ല, മറിച്ച് ഹിന്ദുമതത്തിന്റെ അടിസ്ഥാന ഭാഗമാണെന്ന് സഭ ക്രൈസ്തവരെ ഓര്‍മ്മിപ്പിക്കുന്നു. ആയതിനാല്‍ യോഗ നമ്മുടെ വിശ്വാസത്തിന് നിരക്കുന്നതല്ല. ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ യോഗക്ക് സ്ഥാനമില്ലെന്നും സൂനഹദോസ് ചൂണ്ടിക്കാട്ടി.
ഇതിനുപുറമേ, റോട്ടറി, ലയണ്‍സ് ഇന്റര്‍നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ സംഘടിപ്പിക്കുന്ന മതപരമായ പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്നറിയിച്ചുകൊണ്ട് തങ്ങളുടെ വൈദികര്‍ക്ക് സിനഡ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സാമൂഹ്യ പരിപാടികള്‍ക്ക് പുറമേ ഇത്തരം സംഘടനകള്‍ ഉള്‍പ്പെടുത്തുന്ന മതപരമായ പരിപാടികള്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിന് ചേരുന്നതല്ലെന്നാണ് സഭ ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്. ‘ഹെല്ലെനിക്ക് മിഷ്ണറി യൂണിയന്‍’ എന്ന പുതിയ പ്രൊട്ടസ്റ്റന്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും സര്‍ക്കുലറിലുണ്ട്. 2015ലും യോഗയ്ക്ക് ക്രിസ്തീയ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ ഔദ്യോഗിക ഡിക്രി പുറത്തുവിട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക