News

ഇവരും 'കറുത്തവര്‍ഗ്ഗക്കാരാണ്', മനുഷ്യരാണ്: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 9 ക്രൈസ്തവരെ

പ്രവാചക ശബ്ദം 07-06-2020 - Sunday

കടൂണ: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നീതി ലഭിക്കാതെയുള്ള നൈജീരിയന്‍ ക്രൈസ്തവരുടെ തീരായാതന തുടരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം നൈജീരിയായിലെ കടൂണ സംസ്ഥാനത്ത് ഒന്‍പത് ക്രൈസ്തവര്‍ക്കാണ് അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ട്ടമായത്. കജുരു ജില്ലയിലെ ടൂഡൂണ്‍ വാടന്‍ ഡോകയ്ക്കു സമീപം അഗ്വാലയില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ള ഒന്‍പത് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്.

തീവ്രവാദ നിലപാടുള്ള ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് ക്രൂരമായ ആക്രമണം നടത്തിയത്. ജൂണ്‍ 3 ബുധനാഴ്ച പുലര്‍ച്ചെ രാവിലെ 5:30 നോട് കൂടി ഫുലാനി തീവ്രവാദികള്‍ ഗ്രാമത്തില്‍ ഇരച്ചുകയറി കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായ നരഹത്യ നടത്തുകയായിരിന്നു. ക്രൂര ആക്രമണത്തിന് ഇരയായി വികൃതമാക്കപ്പെട്ട മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കണ്ണീരായി മാറുകയാണ്.

അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗം പേരുടെയും ശിരസിനാണ് മുറിവേറ്റതെന്നും ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അഗ്വാലയിലെ പ്രാദേശിക ഭരണകൂടത്തിലെ ഒരാള്‍ നൈജീരിയന്‍ മാധ്യമമായ ഡെയിലി ട്രസ്റ്റിനോട് വെളിപ്പെടുത്തി. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ 620 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടെന്നുള്ള ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.

നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ക്രൈസ്തവ നരഹത്യയെ അപലപിച്ചു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രംഗത്ത് വരാറുണ്ടെങ്കിലും ഇദ്ദേഹം ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ നൈജീരിയന്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പീഡകള്‍ അതിഭീകരമായി തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »