News - 2025
ബ്രസീലിലെ ജനതയ്ക്കു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം
പ്രവാചക ശബ്ദം 13-06-2020 - Saturday
സാവോപോളോ: ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം. വേദനയും രോഗക്ലേശങ്ങളും അനുഭവിക്കുന്ന ബ്രസീലിലെ ജനങ്ങളെ തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും സാന്ത്വനവും അറിയിക്കണമെന്ന് ബ്രസീലിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമുള്ള അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ബ്രാന്തസിനോട് പാപ്പ പറഞ്ഞു. ജൂണ്‍ 10 ബുധനാഴ്ച വൈകുന്നേരം ടെലിഫോണിലൂടെയാണ് തന്‍റെ സാന്ത്വനവാക്കുകള്‍ ജനങ്ങളെ അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.
വേദനിക്കുന്ന ബ്രസീലിയന്‍ ജനതയെ തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം, ഈ പ്രതിസന്ധിയെ തരണംചെയ്യാന്‍ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകാനാഥ ജനങ്ങളെ സഹായിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടാന്‍ ജനങ്ങളെ തന്‍റെ പേരില്‍ അനുസ്മരിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സാന്ത്വന സന്ദേശം ലഭിച്ച അന്നു രാത്രി തന്നെ ദേശീയ ടെലിവിഷന്‍ ശൃംഖലയില്‍ നടത്തിയ അഭിമുഖത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ഇക്കാര്യം ബ്രസീലിയന്‍ ജനതയെ അറിയിക്കുകയായിരിന്നു.
2007-ലും ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായതിന് ശേഷം 2013-ല്‍ ബ്രസീലില്‍ നടന്ന ആഗോള യുവജന സംഗമത്തിലും അപ്പരെസീദായിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള കാര്യം പാപ്പ അനുസ്മരിച്ചതായി ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ പറഞ്ഞു. ധൈര്യമായിരിക്കുവാനും, പ്രത്യാശ കൈവെടിയരുതെന്നും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കി കൊണ്ടുമാണ് പാപ്പ ടെലിഫോണ്‍ സംഭാഷണം ഉപസംഹരിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് ജനങ്ങളെ അറിയിച്ചു. 8,29,202 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 41,901 പേര്‍ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക