Life In Christ - 2025
യേശുവിനായി പതിനായിരങ്ങളെ നേടിയ ഇന്തോനേഷ്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പിതാവ് വിടവാങ്ങി
പ്രവാചക ശബ്ദം 14-06-2020 - Sunday
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഈശോസഭാ വൈദികനായിരുന്ന ഫാ. സുജിരി എസ്.ജെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തൊണ്ണൂറു വയസ്സായിരുന്നു. ജക്കാർത്തയിലെ സെന്റ് തെരേസ ദേവാലയത്തിൽ ഇടവക വൈദികനായി സേവനം ചെയ്തു വരികയായിരുന്ന ഫാ. സുജിരി എസ്.ജെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ അനേകായിരങ്ങളിലേക്ക് യേശുവിനെ എത്തിച്ചു. വൈദികന്റെ ആത്മാര്‍പ്പണം കണ്ട ജക്കാർത്ത ആർച്ച് ബിഷപ്പായിരുന്ന ലിയോ സിയോകോട്ടോയാണ് ഫാ. സുജിരിക്ക് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനുള്ള ചുമതല നൽകിയത്.
ജക്കാർത്തയിലെ തന്നെ വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും നാമധേയത്തിലുള്ള ദേവാലയത്തിലായിരുന്നു ആദ്യകാലഘട്ടങ്ങളിൽ കരിസ്മാറ്റിക് ശുശ്രൂഷകൾക്ക് ഫാ. സുജിരി തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ നേതൃപദവി പ്രസ്ഥാനത്തിന് എതിർപ്പുകളെയെല്ലാം അവഗണിച്ച് ശക്തി പ്രാപിക്കാനുള്ള കരുത്ത് നൽകി. സുവിശേഷവൽക്കരണത്തിനു നിരവധി അൽമായ വിശ്വാസികളെ ഏകോപിപ്പിക്കാൻ ഫാ. സുജിരിക്ക് സാധിച്ചു. ജക്കാർത്തയുടെ പടിഞ്ഞാറ് സ്ഥാപിച്ച ഷെക്കെയ്ന ഓഫീസ് സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായം ചെയ്തു. നിരവധി ധ്യാന പരിപാടികളും, സെമിനാറുകളും, ബൈബിൾ സ്റ്റഡി ക്ലാസ്സുകളും സംഘടിപ്പിക്കാൻ ഓഫീസിനു സാധിച്ചു. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ അവരുടെ ഇടവകകളിലേക്കും, രൂപതകളിലേക്കും കരിസ്മാറ്റിക് ആത്മീയത വ്യാപിപ്പിച്ചു.
ഫാ. സുർജിയുടെ പിൻഗാമികളായി എത്തിയ വൈദികരും മികച്ച പിന്തുണയാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് നൽകിവരുന്നത്. ഇന്ന് കരിസ്മാറ്റിക് പ്രസ്ഥാനം രാജ്യത്ത് വളരെയധികം ശക്തി പ്രാപിച്ചു കഴിഞ്ഞു. പ്രായമായവരും, യുവജനങ്ങളുമടക്കം നിരവധിപേർ ഇതിൽ അംഗങ്ങളാണ്. 1976ൽ 'പുതിയ ക്രിസ്തീയ ജീവിതം' എന്ന വിഷയത്തെപ്പറ്റി ഫാ. ഹെർബർട്ട് ഷീഡർ എന്ന വൈദികൻ ജക്കാർത്തയിൽ വന്ന് ക്ലാസ് നയിച്ചിരുന്നു. ഇതിൽ പങ്കെടുത്ത കത്തോലിക്കാ ദമ്പതികളായ റോയി- വിന്നി സെറ്റ്ജാഡി എന്നിവരാണ് കരിസ്മാറ്റിക് ആത്മീയതയ്ക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിത്തറ പാകിയത്. ഇതിന്റെ ആത്മീയ നേതൃപദവിയിലാണ് പിന്നീട് ഫാ. സുർജി നിയോഗിക്കപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക