News - 2025
വീരമൃത്യു വരിച്ച സൈനികന് യാത്രാമൊഴിയേകി കാന്ധമാലിലെ ക്രൈസ്തവ സമൂഹം
പ്രവാചക ശബ്ദം 20-06-2020 - Saturday
കാന്ധമാല്‍: ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു പ്രാപിച്ച സൈനികന് നാടിന്റെ കണ്ണീര്‍ പ്രണാമം. ക്രൈസ്തവ കൂട്ടക്കുരുതികൊണ്ട് ആഗോള തലത്തില്‍ ചര്‍ച്ചയായ കിഴക്കന്‍ ഒഡീഷയിലെ കാന്ധമാലിലാണ് ക്രൈസ്തവ വിശ്വാസിയായ ചന്ദ്രകാന്ത് പ്രധാന്‍ (28) എന്ന സൈനികന്റെ മൃതസംസ്കാര ശുശ്രൂഷ നടന്നത്. കാന്ധമാലില്‍ മുമ്പൊരിക്കലും ഇതുപോലൊരു മൃതസംസ്കാരം നടന്നിട്ടില്ലെന്നു കൊല്ലപ്പെട്ട സൈനികന്റെ ബന്ധുവും മുന്‍ ഇടവക വികാരിയുമായ ഫാ. പ്രബോധ് പ്രധാന്‍ പറഞ്ഞു. 'കാന്ധമാലിലെ കത്തീഡ്രല്‍' എന്നറിയപ്പെടുന്ന റായികിയ ദേവാലയ സെമിത്തേരിയിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ചന്ദ്രകാന്തിനെ അടക്കം ചെയ്തത്.
തലസ്ഥാന നഗരമായ ഭൂവനേശ്വറില്‍ നിന്നും 160 മൈല്‍ അകലെയുള്ള കാന്ധമാലിലെ റായികിയയില്‍ പുലര്‍ച്ചെയോടെ ചന്ദ്രകാന്തിന്റെ മൃതദേഹം എത്തിച്ചു. ബിയോര്‍പാങ്ങാ ഗ്രാമത്തിലെ ചന്ദ്രകാന്തിന്റെ വീട്ടില്‍ കൊണ്ടുവന്നതിന് ശേഷം വിലാപയാത്രയായി മൃതദേഹം ദേവാലയത്തില്‍ എത്തിക്കുകയായിരിന്നു. അന്ത്യ ശുശ്രൂഷയില്‍ പങ്കെടുത്തവരുടെ പ്രതികരണം വികാര നിര്‍ഭരമായിരുന്നെന്ന് ഫാ. പ്രബോധ് പറയുന്നു. ചന്ദ്രകാന്ത് അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരിന്നുവെന്നും പട്ടാളത്തില്‍ ചേരുന്നതിന് മുന്‍പ് ഇടവകകാര്യങ്ങളില്‍ സജീവ പങ്കാളിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ പകര്‍ച്ചവ്യാധിയുടെ പ്രത്യേക സാഹചര്യത്തില്‍ പോലും ജനബാഹുല്യം കൂടിയതോടെ സംസ്കാര ശുശ്രൂഷകള്‍ വേഗത്തിലാക്കേണ്ടി വന്നുവെന്നു ശുശ്രൂഷകള്‍ക്ക് കാര്‍മ്മികനായ ഫാ. പുരുഷോത്തം നായകും പറഞ്ഞു. ചന്ദ്രകാന്തിന്റെ മൃതസംസ്കാരം കണ്ടപ്പോള്‍ വേണ്ടവിധം അടക്കം ചെയ്യപ്പെടുന്നതിന് പോലും ഭാഗ്യമില്ലാതെപോയ കാന്ധമാലിലെ ക്രിസ്ത്യന്‍ രക്തസാക്ഷികളെ കുറിച്ച് ഓര്‍ത്തുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ക്രൈസ്തവരില്‍ ചുമത്തിക്കൊണ്ട് ഹിന്ദുത്വവാദികള്‍ കലാപം അഴിച്ചുവിട്ട സ്ഥലമാണ് കാന്ധമാല്‍.
നൂറോളം വിശ്വാസികളാണ് ഇവിടെ ദാരുണമായി കൊല്ലപ്പെട്ടത്. വധഭീഷണിയുടെ മുന്നിലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചവര്‍ നിരവധിയാണ്. ഈ രക്തസാക്ഷികള്‍ ഓരോരുത്തരേയും സംബന്ധിച്ച വിവരങ്ങള്‍ രേഖകളാക്കി വത്തിക്കാനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫാ. പുരുഷോത്തം. കാന്ധമാലില്‍ നടന്ന ആക്രമണങ്ങളില്‍ മുന്നൂറു ദേവാലയങ്ങളും, ആറായിരം ഭവനങ്ങളും തകര്‍ക്കപ്പെട്ടിരിന്നു. അന്‍പത്തിആറായിരത്തോളം പേരാണ് ഭവനരഹിതരായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക