News - 2025
ആതുര ശുശ്രൂഷകരെ സ്വീകരിച്ച് ലോക്ക്ഡൗണിന് ശേഷം പാപ്പയുടെ ആദ്യ പൊതു സംബോധന
പ്രവാചക ശബ്ദം 22-06-2020 - Monday
വത്തിക്കാന്‍ സിറ്റി: ഇറ്റലിയിൽ കൊറോണ വൈറസിന്റെ ശക്തമായ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായ ലൊംബാർഡിയയിലെ പ്രസിഡൻറ്, മെത്രാന്മാർ, മഹാമാരിക്കെതിരെ പോരാടിയ ഭിഷഗ്വരന്മാരും നഴ്സുമാരുമുൾപ്പടെയുള്ള ആതുരസേവകർ എന്നിവര്‍ ഉള്‍പ്പെടുന്ന അറുപതോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പാപ്പ നടത്തിയ ആദ്യ പൊതുകൂടിക്കാഴ്ചയായിരിന്നു ഇത്. കോവിഡ് 19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആതുരസേവകർ സാമീപ്യത്തിൻറെയും ആർദ്രതയുടെയും സംസ്കൃതിയുടെ നിശബ്ദ ശിൽപ്പികളായി ഭവിച്ചുവെന്ന് പാപ്പ പറഞ്ഞു.
മഹാമാരിയുടെ വേളയിൽ ആരോഗ്യരംഗത്തെ അടിയന്തരാവസ്ഥയെ നേരിടുന്നതിൽ ഇറ്റലിയിലെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രകടമായ നന്മയെ അനുസ്മരിച്ച പാപ്പ വേദനിക്കുന്നവരോടുള്ള ദൈവത്തിൻറെ സാമീപ്യം ആതുരസേവകർ സാക്ഷ്യപ്പെടുത്തിയെന്നും പറഞ്ഞു. മഹാമാരിക്കാലത്തിന് ശേഷം നാളയെ കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. അതിന് സകലരുടെയും കഠിനാദ്ധ്വാനവും ഊർജ്ജവും അർപ്പണബോധവും ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.
കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ അവനവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കുന്നത് ഒരു വ്യാമോഹം മാത്രമാണെന്ന് മഹാമാരിയുടെ വേളയിൽ വ്യക്തമായി. എന്നാൽ മഹാമാരി അവസാനിച്ചുകഴിഞ്ഞാൽ ഇത്തരം വ്യാമോഹത്തിൽ വീണ്ടും നിപതിക്കുകയും നമുക്ക് മറ്റുള്ളവരെ ആവശ്യമുണ്ട്, അപരൻറെ സഹായം ആവശ്യമുണ്ട്, എന്നത് പെട്ടെന്ന് മറക്കുകയും നമുക്കു നേരെ കൈനിട്ടിത്തരുന്ന ഒരു പിതാവിനെ നമുക്ക് ആവശ്യമുണ്ട് എന്നത് വിസ്മരിക്കുകയും ചെയ്യുന്ന അപകടമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കുക, പ്രാർത്ഥിക്കുക, ഈ പ്രാർത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്. പാപ്പ കൂട്ടിച്ചേര്‍ത്തു. ലൊംബാർഡിയയില്‍ 92,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,536 പേര്‍ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക