India - 2024
സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടു നയിക്കുന്നു: ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പ്രവാചക ശബ്ദം 25-06-2020 - Thursday
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടു നയിക്കുന്നുവെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. നിരവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ മികച്ചഭരണം കാഴ്ചവയ്ക്കുമ്പോള്‍ മദ്യനയത്തില്‍ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ നാട്ടിലുണ്ടായ ശാന്തിയും സമാധാനവും വളരെ വലുതായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തെയോഡോഷ്യസ്. മദ്യമില്ലാതായാല്‍ കേരളത്തില്‍ ഉണ്ടാകുമെന്നു പ്രചരിപ്പിക്കപ്പെട്ട യാതൊരു ദുരന്തവും സംഭവിച്ചില്ലെന്നു മാത്രമല്ല ഗുണങ്ങളാണുണ്ടായത്. മദ്യനിരോധനമാണ് ജനനന്മയ്ക്കു ഗുണകരമെന്നു തിരിച്ചറിഞ്ഞ് മദ്യത്തില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിനെതിരേ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26നു രാവിലെ 11ന് ജില്ലാതല എക്സൈസ് ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. 'കേരളം പിന്നോട്ട് മദ്യനയത്തിലൂടെ' എന്ന പഠനരേഖ സമിതി പ്രസിദ്ധീകരിക്കും. അത് തയാറാക്കാന്‍ ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ഫാ. ടി.ജെ. ആന്റണി എന്നിവരെ ചുമതലപ്പെടുത്തി. മദ്യനയത്തിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.