Arts - 2025
പുരാതന നഗരത്തിന്റെ പതനത്തെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശം ചരിത്ര സത്യം: തെളിവുകള്‍ കണ്ടെത്തി
പ്രവാചക ശബ്ദം 25-06-2020 - Thursday
ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്ര സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന തെളിവുകളുമായി മധ്യ പൂര്‍വ്വേഷ്യന്‍ ഭാഷാ വിദഗ്ദന്‍ രംഗത്ത്. ഇന്നത്തെ ഇസ്രായേലിലെ ഷെഫേലാ മേഖലയിലെ പുരാതന ലാച്ചിഷ് നഗരത്തിന്റെ പതനത്തെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇത് ബൈബിള്‍ ചരിത്രസത്യമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന നിഗമനവുമായാണ് കാലിഫോര്‍ണിയയിലെ ഷാസ്താ ബൈബിള്‍ കോളേജ് ആന്‍ഡ് ഗ്രാജുവേറ്റ് സ്കൂളിലെ മധ്യപൂര്‍വ്വേഷ്യന്‍ ഭാഷാ വിദഗ്ദനായ പ്രൊഫസ്സര്‍ ടോം മേയര്‍ രംഗത്തെത്തിയിരിക്കുന്നത്.
1845-1847 കാലയളവില്‍ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഓസ്റ്റിന്‍ ഹെന്‍റി കണ്ടെത്തിയ പുരാവസ്തുവില്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നൂറിലധികം ആളുകളുടെ പേരുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രൊഫസര്‍ മേയര്‍ 'എക്പ്രസ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ക്രിസ്തുവിന് മുന്‍പ് 1360നും 1332നും ഇടയിലുള്ള 'അമര്‍നാ എഴുത്തുകള്‍' എന്ന കളിമണ്‍ ഫലകങ്ങളില്‍ പറഞ്ഞിരിക്കുന്ന പുരാതന വാസസ്ഥലമാണ് ‘ടെല്‍ ലാച്ചിഷ്’ അഥവാ ‘ടെല്‍ എഡ്-ദുവെയിര്‍’. നഗരം ഇസ്രായേല്‍ക്കാര്‍ ആക്രമിച്ച് കീഴടക്കി നശിപ്പിക്കുകയും പിന്നീട് ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഇതിനെ കുറിച്ച് ബൈബിളില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ലാച്ചിഷ് നഗരത്തെ കോട്ടമതില്‍ കെട്ടി ശക്തമാക്കിയിരുന്നെങ്കിലും ബിസി 701-ല്‍ സെന്നാക്കെരിബ് ഈ നഗരം ആക്രമിച്ച് നശിപ്പിക്കുകയാണ് ഉണ്ടായത്.
ഇന്നത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതിചെയ്യുന്ന പുരാതന നിനവേ മേഖലയില്‍ നിന്നും ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ സെന്നാക്കെരിബിന്റെ ആക്രമണത്തിന്റെ ഏറ്റവും വലിയ തെളിവ് ലഭിച്ചിട്ടുള്ള കാര്യവും പ്രൊ. മേയര്‍ ചൂണ്ടിക്കാട്ടി. ‘സീജ് ഓഫ് ലാച്ചിഷ്’ എന്നറിയപ്പെടുന്ന 40” വീതിയും 17” ഉയരവുമുള്ള കളിമണ്‍ ഫലകം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ഉപരോധത്തിനിടയില്‍ കോട്ടമതില്‍ കടന്ന് കോട്ടയില്‍ പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച ചരിഞ്ഞ മതില്‍ ഇന്നും കാണാവുന്നതാണ്. ഇതിനുപുറമേ, ആയുധങ്ങളുടേയും, സ്ഫോടക വസ്തുക്കളുടേയും തെളിവുകളും ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്രസത്യമാണെന്നതിന്റെ തെളിവുകളാണെന്നാണ് പ്രൊഫസര്‍ മേയര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)