Youth Zone - 2024

കാന്‍സര്‍ രോഗികളായ 22 കുരുന്നുകൾക്ക് ലൂര്‍ദ് സന്ദര്‍ശിക്കുവാന്‍ അവസരമൊരുക്കി പാപ്പ

പ്രവാചക ശബ്ദം 26-06-2020 - Friday

വത്തിക്കാൻ സിറ്റി: റോമിലെ ജെമേലി ആശുപത്രിയിൽ കാൻസർ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന കുരുന്നുകൾക്ക് ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ് സന്ദര്‍ശിക്കുവാന്‍ അവസരമൊരുക്കി ഫ്രാൻസിസ് പാപ്പ. കുട്ടികളുടെ യാത്രാ ചെലവു കണ്ടെത്താൻ ഇക്കഴിഞ്ഞ ദിവസം ഇറ്റാലിയൻ വാഹന നിർമാതാക്കളായ ‘പിയാജ്യോ’ സമ്മാനിച്ച ഇലക്ട്രിക് സൈക്കിൾ ലേലത്തിന് വെച്ചിരിക്കുകയാണ് പാപ്പ. രോഗികളെയും അംഗവൈകല്യമുള്ളവരെയും ചേര്‍ത്തു പിടിക്കുന്ന ഇറ്റലിയിലെ ദേശീയ ജീവകാരുണ്യ പ്രസ്ഥാനമായ ‘യൂനിത്താത്സി’ക്കാണ് പാപ്പ സൈക്കിൾ കൈമാറിയത്.

ലേലത്തില്‍ ലഭിക്കുന്ന തുക കുട്ടികളുടെ തീര്‍ത്ഥാടനത്തിന് വേണ്ടി ഉപയോഗിക്കും. ഏതാനും മാസങ്ങൾക്കു മുമ്പ് പേപ്പൽ ദിവ്യബലിയിൽ പങ്കെടുക്കാൻ ജെമേലി ഹോസ്പിറ്റലിലെ കുട്ടികൾ സാന്താ മാർത്തയിൽ എത്തിയിരുന്നു. കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് തനിക്ക് സമ്മാനം കിട്ടിയ സൈക്കിൾ ലേലം ചെയ്യാൻ ‘യൂനിത്താത്സി’യെ പാപ്പ ഏൽപ്പിച്ചതെന്ന് സെക്രട്ടറി മോൺ. യൊവാന്നിസ് ലാസി പറഞ്ഞു. കൊറോണ വിമുക്തമാകുന്നതോടെ 22 കുഞ്ഞുങ്ങള്‍ക്കു ഒരുമിച്ച് ലൂർദിൽ സന്ദർശനത്തിന് എത്തിക്കുവാന്‍ കഴിയുമെന്നാണ് പാപ്പയുടെയും ആശുപത്രി അധികൃതരുടെയും പ്രതീക്ഷ.


Related Articles »