News - 2021

'നൈജീരിയൻ ക്രൈസ്തവരെ രക്ഷിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കണം': മുൻ യുഎസ് കോൺഗ്രസ് അംഗം

പ്രവാചക ശബ്ദം 26-06-2020 - Friday

അബൂജ: നൈജീരിയയിലെ ക്രൈസ്തവരെ സംരക്ഷിക്കാനുളള നടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അമേരിക്ക അയക്കണമെന്ന് മുൻ ജനപ്രതിനിധി സഭാംഗമായ ഫ്രാങ്ക് വൂൾഫ്. ക്രൈസ്തവ വിരുദ്ധ പീഡനത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ 'ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ്' എന്ന സംഘടന സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഫ്രാങ്ക് വൂൾഫ് ഈ ആവശ്യം ഉന്നയിച്ചത്. "നൈജീരിയയിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ അത് അയൽ രാജ്യങ്ങളെയും അസ്ഥിരമാക്കും. നൈജീരിയയിലെ ജനങ്ങൾ സഹായത്തിനു വേണ്ടി അപേക്ഷിക്കുകയാണ്. ഇതുവരെ നൈജീരിയയിലെ അമേരിക്കൻ എംബസി സ്വീകരിച്ച നടപടികൾ ഒന്നും തന്നെ പീഡിത സമൂഹത്തെ സംരക്ഷിക്കാൻ ഫലപ്രദമായിട്ടില്ല". വൂൾഫ് വിശദീകരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് കൊന്നതിനെക്കാൾ അധികമായി ആളുകളെ നൈജീരിയിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും നൈജീരിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥ ആരുടെയും ശ്രദ്ധയിൽ വരുന്നില്ലെന്നും അദ്ദേഹം ദുഃഖത്തോടെ വെളിപ്പെടുത്തി. വിർജീനിയയിലെ പത്താമത് കോൺഗ്രിഗേഷണൽ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധി സഭയിലെത്തിയ വൂൾഫ് മനുഷ്യാവകാശം, വംശഹത്യ, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ നൈപുണ്യമുള്ള ആളാണ്. സോകോട്ടോ രൂപത ബിഷപ്പായ മാത്യു ഹസൻ കുക്കയും സമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്തവ വിശ്വാസത്തിനു വിലകൽപ്പിക്കാത്ത ഒരു സംസ്കാരമാണ് ഇന്നത്തെ നൈജീരിയയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. രാഷ്ട്രീയ, സാമ്പത്തിക, തലങ്ങളിൽ വന്ന മാറ്റങ്ങൾ തീവ്രവാദികളുടെ വളർച്ചയ്ക്കു ആക്കം കൂട്ടി. ക്രൈസ്തവ വിശ്വാസത്തിൽ നിന്നും, മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോയ പാശ്ചാത്യ രാജ്യങ്ങൾ സൃഷ്ടിച്ച ഒരു ശൂന്യതയാണ് തീവ്രവാദികൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾക്ക് ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ തീർത്തും താല്പര്യമില്ലായെന്നും ബിഷപ്പ് കുക്ക തുറന്നടിച്ചു.

നൈജീരിയൻ സർക്കാർ നടത്തിയ പല രാഷ്ട്രീയ നിയമനങ്ങളും തീവ്രവാദികൾക്ക് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പദവി വഹിക്കുന്ന ആളും, സൈനിക, സുരക്ഷ മേധാവികളും മുസ്ലിം വിഭാഗക്കാരാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരുപക്ഷേ ഇതായിരിക്കാം മതപീഡനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ട് വലിക്കുന്ന കാര്യം. ക്രൈസ്തവ പീഡനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ എത്തിക്കാൻ വേണ്ടി ദേശീയ തലത്തില്‍ ക്രൈസ്തവ മാധ്യമം ഇല്ലാത്തതിന്റെ അഭാവവും, വിശ്വാസി സമൂഹം നേരിടുന്ന ഒരു ഗുരുതര പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ച് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരിന്നു. പക്ഷേ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ അമേരിക്കയുടെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നാണ് പൊതുവിലുള്ള നിരീക്ഷണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »