India - 2025
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ പങ്കാളിത്തം അഭിനന്ദനീയം: പ്രധാനമന്ത്രി നരേന്ദ്രമോദി
28-06-2020 - Sunday
തിരുവല്ല: രാജ്യത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍തോമ്മ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭകളുടെ പങ്കാളിത്തം അഭിനന്ദനീയമാണ്. ദേശീയതയുടെ മൂല്യങ്ങളില്‍ അടിയുറച്ചതാണ് സഭയുടെ പ്രവര്‍ത്തനം. സ്വാതന്ത്ര്യ സമര പോരാട്ടത്തിലും അടിയന്തരാവസ്ഥക്കാലത്തുമൊക്കെ മാര്‍ത്തോമ്മ സഭ നിര്‍ണായകമായ നിലപാടുകളെടുത്തിട്ടുണ്ട്. സഭയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ 2018ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ചത് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
സ്ത്രീ ശക്തീകരണത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഉഴിഞ്ഞുവച്ച ജീവിതമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടേത്. അപ്പസ്തോലിക പാരമ്പര്യം പിന്തുടരുന്ന സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സാമൂഹിക ഉന്നതി വച്ചുകൊണ്ടുള്ളതായിരുന്നു. വിശുദ്ധ വേദപുസ്തകം ഓര്‍മ്മപ്പെടുത്തുന്നതുപോലെ കൂട്ടായ്മ ശക്തമാകേണ്ടതു രാജ്യത്തിന് ഇന്നാവശ്യമാണ്. രാജ്യത്തു കൊറോണ വൈറസ് വ്യാപനം വളരെയധികമാകുമെന്ന് ഈ വര്‍ഷമാദ്യം പലരും പറഞ്ഞിരുന്നു. ലോക്ക്ഡൗണും സര്‍ക്കാര്‍ ഏറ്റെടുത്ത മറ്റു മുന്‍കരുതലുകളും കാരണം ഇന്ത്യ മറ്റു രാജ്യങ്ങളേക്കാന്‍ മികച്ചനിലയിലാണ്. ഇറ്റലി, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയവയുമായി നോക്കുമ്പോള്‍ മരണനിരക്ക് ഇന്ത്യയില്‍ കുറവാണ്. പക്ഷേ നമ്മള്‍ കൂടുതല്‍ ജാഗ്രത തുടരണം. മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ആള്ക്കൂറട്ടം ഒഴിവാക്കണം. കൂട്ടായ്മയിലൂടെതന്നെ നമുക്ക് ഈ വൈറസിനെയും അതിജീവിക്കാനാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മിസോറം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ മെത്രാപ്പോലീത്തയ്ക്ക് ആശംസകള്‍ നേര്‍ന്നു. തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനത്തില്‍ മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, യാക്കോബായ സഭയിലെ ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭയിലെ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സിഎസ്ഐ ബിഷപ്പ് ഡോ. തോമസ് കെ. ഉമ്മന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സഭാ സെക്രട്ടറി റവ. ഡോ. കെ. ജി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോവിഡ് നിബന്ധനകള്‍ക്കു വിധേയമായി സാമൂഹിക അകലം പാലിച്ചാണ് തിരുവല്ലയില്‍ ജന്മദിനാഘോഷ സമ്മേളനം നടന്നത്. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരടക്കം പങ്കെടുത്തു.
![](/images/close.png)