News - 2024

ആമസോണിയൻ മെത്രാൻ സമിതിയുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്ന്?

പ്രവാചക ശബ്ദം 29-06-2020 - Monday

റോം: ആമസോണിയൻ മെത്രാൻ സമിതിയുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്നു തിങ്കളാഴ്ച വത്തിക്കാൻ നടത്തുമെന്ന് ബ്രസീലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനത്തിൽ പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബ്രസീലിയൻ വെബ്സൈറ്റായ ഇൻസ്റ്റിറ്റ്യൂട്ടോ ഹ്യുമാനിറ്റാസ് ഉനിസിനോസാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. ആമസോണിനു വേണ്ടി ഒരു മെത്രാൻ സമിതി എന്ന നിർദ്ദേശം ഒക്ടോബറിൽ സമാപിച്ച ആമസോൺ സിനഡിൽ പങ്കെടുത്ത സിനഡ് പിതാക്കന്മാർ മുന്നോട്ടുവച്ചിരുന്നു. അധികാര ധ്രുവീകരണം നടപ്പിൽ വരുത്തുക, ആമസോൺ സംസ്കാരം അവിടുത്തെ സഭയുടെ നാനാമേഖലകളിലും വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആമസോൺ മെത്രാൻ സമിതി രൂപീകരിക്കുന്നതിന് പിന്നിലെ കാരണങ്ങളായി ബിഷപ്പുമാര്‍ ചൂണ്ടിക്കാണിച്ചത്.

പ്രകൃതി സംരക്ഷണം കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവിശേഷവത്കരണം അവർ ലക്ഷ്യം വെക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനഡ് സംഘടിപ്പിച്ച പാൻ ആമസോണിയൻ എക്ലേസ്യൽ നെറ്റ്‌വര്‍ക്ക്, കൗൺസിൽ ഓഫ് എപ്പിസ്കോപ്പൽ കോൺഫറൻസസ് ഓഫ് ലാറ്റിൻ അമേരിക്ക തുടങ്ങിയവയുടെ സഹകരണത്തോടെ സ്ഥിരം ഒരു സമിതിയായി ആമസോണിയൻ മെത്രാൻ സമിതിയെ നിലനിർത്താനാണ് പദ്ധതി. ‘ക്വേറിത ആമസോണിയ’ എന്ന സിനഡാനന്തര രേഖയിൽ മെത്രാൻ സമിതിയുടെ രൂപീകരണത്തെ പറ്റി ഫ്രാൻസിസ് മാർപാപ്പ പരാമർശങ്ങളൊന്നും നടത്തിയില്ലെങ്കിലും, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ളതുപോലെ എന്തുകൊണ്ടാണ് ആമസോൺ മേഖലയിൽ മെത്രാൻ സമിതികൾ ഇല്ലാത്തതെന്ന ചോദ്യം ആമസോൺ സിനഡിന് ഒടുവിൽ നടത്തിയ സമാപന പ്രസംഗത്തിൽ പാപ്പ ഉന്നയിച്ചിരുന്നു.

ആമസോൺ മേഖലയിലെ ദരിദ്രരായവർക്ക് സേവനം ചെയ്യാനും പ്രകൃതി സംരക്ഷണത്തിനുമാണ് പാൻ ആമസോണിയൻ എക്ലേസിയൽ നെറ്റ്‌വര്‍ക്ക് സ്ഥാപിതമായതെങ്കിലും വലിയ ആരോപണങ്ങളാണ് സംഘടനയ്ക്കെതിരെ സിനഡിന് ഇടയിലും സിനഡിന് ശേഷവും ഉയർന്നത്. ഭ്രൂണഹത്യയെ വലിയ തോതിൽ സാമ്പത്തിക സഹായം നൽകി പിന്തുണയ്ക്കുന്ന ഫോർഡ് ഫൗണ്ടേഷനിൽ നിന്നും പാൻ ആമസോണിയൻ എക്ലേസ്യൽ നെറ്റ്‌വര്‍ക്ക് സാമ്പത്തിക സഹായം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »