News - 2024

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ മുന്‍ അധ്യക്ഷന്‍ മലാവിയുടെ പുതിയ പ്രസിഡന്‍റ്

പ്രവാചക ശബ്ദം 03-07-2020 - Friday

ലിലോംഗ്വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിഭാഗങ്ങളിലൊന്നായ ‘മലാവി അസംബ്ലീസ് ഓഫ് ഗോഡ്’ന്റെ മുന്‍ അധ്യക്ഷന്‍ ലസാറസ് ചക്വേര, മലാവിയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ പ്രസിഡന്റ് പീറ്റര്‍ മുതാരിക്കയെയാണ് പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരത്തിലേറിയിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 65% വോട്ടില്‍ 58% വോട്ടോടെയായിരുന്നു ചക്വേരയുടെ വിജയം. ദൈവ സേവനത്തില്‍ കര്‍ത്തവ്യ നിരതനായിരുന്ന താന്‍ ജനങ്ങളെ സേവിക്കുവാനുള്ള ഈ വിളിയും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

സുപ്രസിദ്ധ സുവിശേഷകന്‍ ബില്ലി ഗ്രഹാമിനൊപ്പം നിരവധി വര്‍ഷങ്ങള്‍ സുവിശേഷ വേല ചെയ്ത ചക്വേരയെ ബില്ലി ഗ്രഹാമിന്റെ മകന്‍ ഫാങ്ക്ലിന്‍ ഗ്രാം ട്വീറ്ററിലൂടെ അനുമോദിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പുതിയ പ്രസിഡന്‍റ് അമേരിക്കയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1996 മുതല്‍ 2013 വരെ അസംബ്ലീസ് ഓഫ് ഗോഡ് സ്കൂള്‍ ഓഫ് തിയോളജിയുടെ ചെയര്‍മാനായി അദ്ദേഹം സേവനം ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന വിവാദ തെരെഞ്ഞടുപ്പ് ഫലത്തെ ചൊല്ലിയുള്ള തര്‍ക്കം തെരുവ് പ്രതിഷേധമായി വളര്‍ന്നിരിന്നു. തുടര്‍ന്നു വിവാദമായ തെരെഞ്ഞടുപ്പ് ഫലം കോടതി റദ്ദാക്കുകയായിരുന്നു. 13 മാസങ്ങള്‍ നീണ്ട തെരുവ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുതിയ തെരെഞ്ഞടുപ്പ് നടന്നത്.


Related Articles »