News - 2024

അമേരിക്കയിലേയും കാനഡയിലേയും എത്യോപ്യന്‍ വിശ്വാസികള്‍ക്കായി അപ്പസ്തോലിക വിസിറ്റര്‍

പ്രവാചക ശബ്ദം 03-07-2020 - Friday

വത്തിക്കാന്‍ സിറ്റി/ വാഷിംഗ്ടണ്‍ ഡി‌.സി: യൂറോപ്പിലെ എത്യോപ്യന്‍ കത്തോലിക്കര്‍ക്കായുള്ള അപ്പസ്തോലിക വിസിറ്ററെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിലേയും കാനഡയിലേയും എത്യോപ്യന്‍ വിശ്വാസികള്‍ക്കായി അപ്പസ്തോലിക വിസിറ്ററെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ആഡിസ് അബാബ അതിരൂപതയിലെ വൈദികനായ ഫാ. ടെസ്ഫായെ വോള്‍ഡെ മറിയം ഫെസുവിനെയാണ് അമേരിക്കയിലേയും കാനഡയിലേയും ഗെ’യിസ് ഭാഷാവിഭാഗത്തില്‍പ്പെട്ട എത്യോപ്യന്‍ കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്ററായി നിയമിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.

പുരാതന അലക്സാണ്ട്രിയന്‍ ആരാധനാക്രമമാണ് ഇരു രാജ്യങ്ങളിലേയും എത്യോപ്യന്‍ കത്തോലിക്കര്‍ പിന്തുടരുന്നത്. മാര്‍പാപ്പയുടെ കീഴിലുള്ള 23 പൗരസ്ത്യ കത്തോലിക്ക സഭകളിലൊന്നാണ് ആഡിസ് അബാബ കേന്ദ്രമാക്കിയുള്ള എത്യോപ്യന്‍ കത്തോലിക്കാ സഭ. ഏതാണ്ട് 71,000 അംഗങ്ങള്‍ എത്യോപ്യന്‍ കത്തോലിക്കാ സഭയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എത്യോപ്യക്ക് പുറമേ, യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും എത്യോപ്യന്‍ വിശ്വാസികളുണ്ട്. വാഷിംഗ്‌ടണിലെ ആഫ്രിക്കന്‍ കത്തോലിക്കരെ ഒരുമിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഫാ. ഫെസു ഒരു ദശകത്തോളം അമേരിക്കയിലാണ് ചിലവഴിച്ചത്.

വാഷിംഗ്‌ടണിലെ മോസ്റ്റ്‌ ബ്ലസഡ് സാക്രമെന്റ് ദേവാലയത്തിലെ പാസ്റ്ററല്‍ അസിസ്റ്റന്റായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം തിരികെ എത്യോപ്യയിലെത്തി ആഡിസ് അബാബ അതിരൂപതാ ചാന്‍സിലറായി സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. നെതര്‍ലന്‍ഡ്‌സിലെ ഹാര്‍ലം-ആംസ്റ്റര്‍ഡാം രൂപതാ വൈദികനായ ഫാ. പെട്രോസ് ബെര്‍ഗായെ യൂറോപ്പിലെ എത്യോപ്യന്‍ കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്ററായി ഇക്കഴിഞ്ഞ ജനുവരിയില്‍ പാപ്പ നിയമിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »