News - 2025
മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ നിര്യാണത്തിൽ പാപ്പയുടെ അനുശോചനം: മൃതസംസ്കാരം എട്ടിന്
പ്രവാചക ശബ്ദം 04-07-2020 - Saturday
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ നിര്യാണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയ പാപ്പ, പരേതനെ സ്വർഗ്ഗീയ ഭവനത്തിൽ അവിടുത്തെ കാരുണ്യത്തിൽ കര്‍ത്താവ് സ്വീകരിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ കത്തില്‍ പറയുന്നു. ഈ കത്തു ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു നല്‍കിയതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി. സഹോദരന്‍റെ മരണ വാർത്ത ബെനഡിക്ട് പതിനാറാമൻ പാപ്പ തന്നെയാണ് ആദ്യം അറിയിച്ചതെന്ന് കത്തിൽ ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.
വേദനയുടെ ഈ വേളയിൽ തൻറെ അഗാധമായ സഹാനുഭൂതിയും ആദ്ധ്യാത്മിക സാമീപ്യവും ഉറപ്പു നല്‍കിയ പാപ്പ, സുവിശേഷത്തിന്റെ ശുശ്രൂഷകർക്കായി ഒരുക്കിയിട്ടുള്ള സമ്മാനം ദൈവം പരേതന് നല്കുന്നതിനായും പ്രാർത്ഥന വാഗ്ദാനം ചെയ്തു. ക്രിസ്തീയ പ്രത്യാശയുടെയും ആർദ്രമായ ദൈവിക സാന്ത്വനത്തിന്റെയും സാന്നിധ്യം ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു ലഭിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യവും യാചിക്കുന്നതായി കത്തില്‍ സ്മരിക്കുന്നുണ്ട്.
അതേസമയം മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്ക്കാരം എട്ടാം തീയതി ബുധനാഴ്ച (08/07/20) റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ജൂലൈ ഒന്നിനാണ് അന്തരിച്ചത്. 96 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം ജര്‍മ്മനിയില്‍ റീഗന്‍സ്ബെര്‍ഗിലെ ആശുപത്രിയില്‍വെച്ചാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ജൂണ്‍ 18ന് ബെനഡിക്ട് പതിനാറാമൻ പാപ്പ ആശുപത്രിയിലെത്തി മോണ്‍. ജോര്‍ജ്ജിനെ സന്ദര്‍ശിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക