Arts - 2025
കോവിഡ് ഇരകള്‍ക്ക് ആദരവുമായി ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ രൂപം വീണ്ടും
പ്രവാചക ശബ്ദം 05-07-2020 - Sunday
റിയോ ഡി ജെനീറോ: ബ്രസീലില്‍ കൊറോണ മൂലം മരണപ്പെട്ടവര്‍ക്കും, ലോകമെമ്പാടുമായി മരണപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ട് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതിചെയ്യുന്ന ലോകപ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം വീണ്ടും ദീപാലങ്കാരങ്ങളാല്‍ തിളങ്ങി. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ബ്രസീലിലെ മെത്രാന്‍ സമിതിയും (സി.എന്‍.ബി.ബി), കാരിത്താസ് ബ്രസീലുമാണ് ഇത് ഒരുക്കിയത്. വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.
ഇതിനു മുന്‍പ്, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരും, നേഴ്സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവരോടുള്ള ആദരവ് സൂചിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകളുടെ യൂണിഫോമായ വെളുത്ത കോട്ടും, ആരോഗ്യ പരിപാലന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളും ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പ്രതിഫലിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രണ്ടാമത്തെ രാഷ്ട്രം ബ്രസീലാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് 14 ലക്ഷത്തോളം പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 61,884 പേര്‍ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക