News - 2024

ആസാമില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 കന്യാസ്ത്രീകള്‍ക്ക് കോവിഡ്: കത്തോലിക്ക ആശുപത്രി പ്രവർത്തനം നിര്‍ത്തി

പ്രവാചക ശബ്ദം 08-07-2020 - Wednesday

ദിസ്പുർ: ആസാമിലെ ദിബ്രുഗർഹില്‍ സെന്‍റ് വിൻസെൻസ ജിറോസ (വി‌ജി) ഹോസ്പിറ്റൽ സുപ്പീരിയര്‍ അടക്കമുള്ള പന്ത്രണ്ടു കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കത്തോലിക്ക ആശുപത്രി പ്രവർത്തനം നിര്‍ത്തി. വടക്കു കിഴക്കൻ റീജിയണൽ ബിഷപ്പ്സ് കൗൺസിൽ വക്താവും അരുണാചൽപ്രദേശ് മിയാവോ രൂപതയിലെ വൈദികനുമായ ഫാ. ഫെലിക്സ് ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരായവരിൽ മലയാളി കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിന സമൂഹത്തിലെ പന്ത്രണ്ടു സിസ്റ്റേഴ്സിനും ഒരു സഹായിക്കും കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു വിജി ഹോസ്പിറ്റൽ ദിബ്രുഗർഹ് പ്രാദേശിക ഭരണകൂടം താത്കാലികമായി സീൽ ചെയ്തു. സുപ്പീരിയറിനു കോവിഡ് പോസറ്റീവ് ആയതിനെത്തുടർന്നു സന്യാസഭവനത്തിലെ ബാക്കിയുള്ളവർക്കും ടെസ്റ്റ് നടത്തുകയായിരിന്നു.

ഹോസ്പിറ്റൽ സ്ഥിതി ചെയുന്ന പ്രദേശം കണ്‍ടെയ്മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആസാമിലെയും അരുണാചൽ പ്രദേശിലെയും ജനങ്ങളുടെ ആശ്രയമായ ആശുപത്രിയാണ് അടച്ചുപൂട്ടിയത്. സിസ്റ്റേഴ്സിന്റെ സൗഖ്യത്തിനും ആശുപത്രിയുടെ പുനർപ്രവർത്തനത്തിനും പ്രാര്‍ത്ഥിക്കുന്നുവെന്ന് ദിബ്രുഗർഹ് രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് ഐൻന്ദ് പറഞ്ഞു. ലോക്ക് ഡൌൺ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ആതുരമേഖലയിൽ സേവനം ചെയുന്ന സന്യസ്തരുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്നും മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലും ആഹ്വാനം ചെയ്തു.

1970-ൽ നിർധനരുടെ സേവനത്തിനായി സ്ഥാപിതമായ വിജി ഹോസ്പിറ്റൽ ഇപ്പോൾ 70 ബെഡുകളുള്ള ആശുപത്രിയാണ്.മേഴ്‌സി ഹോം എന്ന പേരിൽ ഒരു ഡി അഡിക്ഷൻ സെന്ററും, നഴ്സിംഗ് യൂണിറ്റും ആശുപത്രിയോട് ചേർന്ന് പ്രവർത്തിച്ചു വരുന്നുണ്ടായിരിന്നു. ഗുവാഹത്തി സെന്‍റ് ജോൺ ഹോസ്പിറ്റൽ നടത്തിപ്പിനും ഇതേ സിസ്റ്റേഴ്‌സാണ് നേതൃത്വം നൽകുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, മ്യാന്മാർ, ജപ്പാൻ, ഇസ്രായേൽ, തായ്ലാൻഡ്, നേപ്പാൾ എന്നിവടങ്ങളിലും സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിനോ അംഗങ്ങള്‍ സേവനം ചെയ്യുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »