Charity - 2025
ശസ്ത്രക്രിയയ്ക്കുള്ള തുകയായി: ജോസ്മിയെ ചേര്‍ത്തു പിടിച്ച സുമനസുകള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദി
പ്രവാചക ശബ്ദം 10-07-2020 - Friday
കണ്ണൂര്‍ കൊട്ടിയൂർ സ്വദേശിനിയായ ജോസ്മിയ്ക്കു സഹായം തേടിയുള്ള വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് 'പ്രവാചകശബ്ദ'ത്തില്‍ പ്രസിദ്ധീകരിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നു അമ്മ പകുത്തു നല്‍കിയ കിഡ്നിയില്‍ ജീവിതം മുന്നോട്ട് നീക്കവേ ഒന്നര വര്‍ഷം മുന്‍പ് ഈ മകളുടെ വൃക്ക വീണ്ടും തകരാറിലാകുകയായിരിന്നു. ഇതേ തുടര്‍ന്നു വൃക്ക ദാനം ചെയ്യാന്‍ ഓട്ടോ തൊഴിലാളിയായ പിതാവ് സന്നദ്ധനായെങ്കിലും ശസ്ത്രക്രിയയ്ക്കു ആവശ്യമായ പത്തു ലക്ഷം എന്ന തുകയിലേക്ക് എത്തിചേരുവാന്‍ കഴിഞ്ഞിരിന്നില്ല. ജൂലൈ 15നു കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ഒരുങ്ങവേ മൂന്നു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിന്നത്.
ഇത് സംബന്ധിച്ച സഹായ അഭ്യര്‍ത്ഥന 'മരിയന്‍ സൈന്യം' നല്‍കിയ വീഡിയോ സഹിതം 'പ്രവാചകശബ്ദ'ത്തില്‍ നല്‍കുകയായിരിന്നു. ചുരുങ്ങിയ സമയം കൊണ്ട് ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ നന്മയുള്ള ഇടപെടല്‍ മൂലം ശസ്ത്രക്രിയയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്. ഒരിയ്ക്കലും ഇങ്ങനെ ഒരു പ്രതികരണം ലഭിക്കുമെന്ന് കരുതിയിരിന്നില്ലെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ജോസ്മി പറയുന്നു.
തന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കി ചേര്‍ത്ത് പിടിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുകയാണെന്നും വൃക്ക മാറ്റിവെയ്ക്കുന്നതിന് മുന്‍പ് പ്ലാസ്മ ചെയ്യുന്നതിന്റെ ക്ഷീണം ശരീരത്തെ അലട്ടുണ്ടെന്നും ശസ്ത്രക്രിയ വിജയകരമാകുവാന്‍ ഏവരുടെയും പ്രാര്‍ത്ഥനാസഹായം യാചിക്കുന്നതായും ജോസ്മി പറഞ്ഞു. ജൂലൈ 14 ചൊവ്വാഴ്ചയാണ് ജോസ്മിയുടെ പിതാവിന്റെ ഓപ്പറേഷന്‍. പിറ്റേന്ന് ബുധനാഴ്ച ജോസ്മിയുടെ ഓപ്പറേഷനും നടക്കും.
ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ജോസ്മിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഈ കുടുംബത്തെയും പ്രത്യേകം ഓര്‍ക്കാം.