News - 2025
ഹാഗിയ സോഫിയയില്‍ നിസ്ക്കാരം നടക്കുമ്പോള്‍ ക്രിസ്ത്യന്‍ രൂപങ്ങള്‍ കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്ക്കും
പ്രവാചക ശബ്ദം 14-07-2020 - Tuesday
ആഗോള എതിര്‍പ്പിനെ മറികടന്നു നിസ്ക്കാരത്തിനായി ഹാഗിയ സോഫിയ കത്തീഡ്രല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നു നല്കുവാനുള്ള തീരുമാനവുമായി തയിബ് എര്‍ദ്ദോഗന്‍ ഭരണകൂടം മുന്നോട്ട്. ഇസ്ലാമിക പ്രാർത്ഥനയ്ക്കിടെ ഹാഗിയ സോഫിയയിലെ ക്രിസ്ത്യന്‍ ചിത്രങ്ങളും കലാസൃഷ്ട്ടികളും കര്‍ട്ടണോ ലേസറോ ഉപയോഗിച്ച് മൂടുമെന്ന് തുർക്കി ഗവേണിംഗ് ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി (എകെ പാർട്ടി) വക്താവ് ഒമർ സെലിക് പറഞ്ഞു. യേശുക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ആലേഖനം ചെയ്ത നിരവധി ചിത്രങ്ങള്‍ ദേവാലയത്തിനുളളിൽ നിലനില്‍ക്കുന്നുണ്ട്. ഇതടക്കമുള്ളവ നിസ്ക്കാര വേളയില്‍ ആവരണം കൊണ്ടു മറയ്ക്കും.
നേരത്തെ കത്തീഡ്രല്‍, മോസ്ക്കായി ആയി പ്രഖ്യാപിച്ച പ്രസിഡന്റ് തയിപ് എർദോഗൻ ആദ്യത്തെ പ്രാർത്ഥന ജൂലൈ 24നു അവിടെ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം നൂറ്റാണ്ടിലെ ബൈസന്റൈൻ കത്തീഡ്രല്‍ ദേവാലയത്തെ 1453 ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു മോസ്ക്കാക്കി മാറ്റുകയായിരിന്നു. എന്നാല്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ മാനിച്ച് 1934-ല്‍ മുസ്തഫ കമാൽ അതാതുർക്കി ഇതിനെ മ്യൂസിയമാക്കി മാറ്റി. ഇത് നിയമവിരുദ്ധമാണെന്ന് തുർക്കി കോടതി കഴിഞ്ഞ ആഴ്ച വിധിക്കുകയായിരിന്നു. ഇതിനു പിന്നാലെയാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്നതിനുള്ള ഔദ്യോഗിക രേഖയില്‍ ഏര്‍ദ്ദോഗന്‍ ഒപ്പുവെച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക