News - 2025
ഹാഗിയ സോഫിയ നിലപാടിലൂടെ തുര്‍ക്കി സമാധാനത്തിന് തുരങ്കം വയ്ക്കുന്നു: യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍
പ്രവാചക ശബ്ദം 14-07-2020 - Tuesday
ബ്രസല്‍സ്: ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയനിലെ 27 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിമര്‍ശനം. കോവിഡ് 19 മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ ഹാഗിയ സോഫിയയെ മോസ്‌കാക്കി മാറ്റിയതില്‍ ഇയു മന്ത്രിമാര്‍ തുര്‍ക്കിയെ വിമര്‍ശിച്ചു. നടപടി മതസമൂഹങ്ങള്‍ തമ്മില്‍ വിവേചനമുണ്ടാക്കുന്നതും തുര്‍ക്കിയുമായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമേധാവി ജോസഫ് ബോറല്‍ പറഞ്ഞു. ഹാഗിയ സോഫിയയെ മോസ്‌ക് ആക്കിമാറ്റിയത് പുനഃപരിശോധിക്കണമെന്നാണ് ഇയു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗനില്‍നിന്ന് ഇയു വെല്ലുവിളിയും അപമാനവുമാണ് നേരിടുന്നതെന്ന് ഗ്രീക്ക് സര്‍ക്കാര്‍ വക്താവ് സ്റ്റീലസ് പെറ്റ്‌സാസ് പറഞ്ഞു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ തുര്‍ക്കി തള്ളി. ഹാഗിയ സോഫിയയ്ക്കു മോസ്‌കിന്റെ പാരമ്പര്യമുണ്ടെന്നും മോസ്‌ക് ആയി ഉപയോഗിക്കുമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മേവലൂത്ത് ചൗഷോലു ദേശീയ മാധ്യമമായ ടിആര്‍ടിയോട് പറഞ്ഞു. തുര്‍ക്കിയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റത്തെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി. തീവ്ര ഇസ്ലാമിക നിലപാടു പുലര്‍ത്തിയുള്ളഏര്‍ദ്ദോഗന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അമേരിക്ക, റഷ്യ, സൈപ്രസ്, ഗ്രീസ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിരിന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധം കനക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക