News - 2024

നിരപരാധികളായ അറുനൂറോളം ക്രൈസ്തവര്‍ എറിത്രിയന്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 13-07-2020 - Monday

അസ്മാര: ആഫ്രിക്കയിലെ ഉത്തരകൊറിയ എന്നറിയപ്പെടുന്ന എറിത്രിയയില്‍ ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അറുന്നൂറോളം ക്രൈസ്തവര്‍ അന്യായമായി ജയിലില്‍ കഴിയുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ട്. വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സിന്റെ നെറ്റില്‍ടണ്‍ ടോഡാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആരുടേയും പേരില്‍ ഇതുവരെ ഔദ്യോഗികമായി യാതൊരു കുറ്റവും ആരോപിക്കപ്പെടുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് ടോഡ്‌ പറഞ്ഞു.

നീതി കാത്ത് ഇടുങ്ങിയ തടവറയില്‍ ആറായിരത്തോളം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്ത്യാനികള്‍ വരെ എറിത്രിയന്‍ ജയിലുകളില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ തയാറാക്കിയ കത്ത് തര്‍ജ്ജമ ചെയ്ത് ജയിലില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് അയക്കുന്ന പ്രിസണര്‍അലര്‍ട്ട്.കോം എന്ന സൈറ്റിന്റെ അഡ്രസ്സും ടോഡ്‌, ഫെയിത്ത് വയറിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിട്ടുണ്ട്. കത്തുകള്‍ അവര്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും തങ്ങളെ ലോകം നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം അധികാരികള്‍ക്കുളവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സമീപകാലത്ത് രണ്ടു ക്രൈസ്തവര്‍ ജയില്‍ മോചിതരായ കാര്യവും ടോഡ്‌ വെളിപ്പെടുത്തി. ഇതില്‍ ഒരാള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ക്രൈസ്തവര്‍ക്കെതിരായ മത പീഡനത്തിന്റെ കാര്യത്തില്‍ പ്രസിദ്ധമാണ്. സന്നദ്ധ സംഘടനയായ 'ഓപ്പണ്‍ഡോഴ്സ്' പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ആറാം സ്ഥാനത്താണ്. മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനും, അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ വിട്ടയക്കുവാനും എറിത്രിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മനുഷ്യാവകാശ റിപ്പോര്‍ട്ടറായ ഡാനിയേല ക്രാവെറ്റ്സ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 567