News
നോട്രഡാമിന്റെ മുറിവുണങ്ങും മുന്‍പ് ചരിത്ര പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലിലും തീപിടുത്തം
പ്രവാചക ശബ്ദം 18-07-2020 - Saturday
പാരീസ്: ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന് പിന്നാലെ നാന്റെസ് നഗരത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെയിന്റ് പിയറെ-എറ്റ്-സെയിന്റ് പോള്‍ കത്തീഡ്രലിലും തീപിടുത്തം. ഇന്നാണ് ഫ്രഞ്ച് ജനതയെ ഞെട്ടിച്ചു ദേവാലയത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിബാധ മനപൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന സംശയം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ദേവാലയത്തില്‍ മൂന്നു തീപിടുത്തമുണ്ടായത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടര്‍ പിയറെ സെന്നസ് പറഞ്ഞു. പ്രാദേശിക സമയം ഇന്നു രാവിലെ ഏഴരയോടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തീഡ്രലിലെ 400 വര്‍ഷം പഴക്കമുള്ള ഓര്‍ഗനും, ചില്ല് ജാലകങ്ങളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
“നോട്രഡാം കത്തീഡ്രലിന് ശേഷം നാന്റെസിലെ വിശുദ്ധ പത്രോസ്, പൗലോസ് കത്തീഡ്രലിലും തീപിടുത്തം. ഈ ഗോത്തിക്ക് കലാശില്‍പ്പത്തെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അഗ്നിശമനസേനയെ പിന്തുണക്കുക” എന്ന വാചകം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു. ദേവാലയത്തിലെ സംഗീത ഉപകരണത്തെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും, ഓര്‍ഗന്‍ സ്ഥാപിച്ചിരുന്ന തട്ടകം ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെങ്കിലും, കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ തീ എത്തിയിട്ടില്ലെന്നും പ്രാദേശിക അഗ്നിശമനസേനയുടെ തലവനായ ലോറന്റ് ഫെര്‍ലേ പറഞ്ഞു.
1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. 1944-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ സഖ്യകക്ഷികളുടെ ബോംബ് ആക്രമണത്തില്‍ ദേവാലയത്തിനു തീപിടിച്ചിരുന്നു. പിന്നീട് 1972-ലും ദേവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റിയത്. പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി ഒരു വര്‍ഷത്തിനു ശേഷമാണ് നാന്റെസിലെ കത്തീഡ്രലിലും തീപിടുത്തമുണ്ടായിരിക്കുന്ന കാര്യം ഏറെ ചര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ദുരൂഹത ഏറെ ബാക്കി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്നാണ് സൂചന.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക