News - 2025
വത്തിക്കാന്‍ നിയമിച്ച ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് സർക്കാരിന്റെ അംഗീകാരം
പ്രവാചക ശബ്ദം 20-07-2020 - Monday
ബെയ്ജിംഗ്: ചൈനയില്‍ വത്തിക്കാനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയിലെ മെത്രാനെ ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. വത്തിക്കാൻ നിയമിച്ച ബിഷപ്പ് പൗളോ മാ കുങ്കുവോയ്ക്കാണ് ചൈനീസ് ഭരണകൂടം ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഷൗസു രൂപതയുടെ ചുമതലയാണ് പൗളോ മാ കുങ്കുവോ വഹിച്ചുകൊണ്ടിരിന്നത്. ചൈനീസ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാട്രിയോട്ടിക് അസോസിയേഷന്റെ മെത്രാൻ സമിതി പൗളോ മാ കുങ്കുവോയ്ക്ക് നൽകിയ ഔദ്യോഗിക അംഗീകാരം ജൂലൈ ഒൻപതിന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വായിച്ചു. ചൈനീസ് സർക്കാരും, വത്തിക്കാനും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് പുതിയ നിയമന അംഗീകാരം ഭരണകൂടം നല്‍കിയിരിക്കുന്നത്.
ഷാങ്സിയിലെ പാട്രിയോട്ടിക് അസോസിയേഷന്റെ തലവൻ, തൈയുവാൻ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മിങ് നിങ്യു തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ രണ്ടുമാസത്തിനിടെ വത്തിക്കാൻ നിയമിച്ച മൂന്നാമത്തെ മെത്രാനാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്. ഷൗസു രൂപതയുടെ ഭാഗമായി ഏകദേശം പതിനായിരത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. നിരവധി വൈദികരും, സന്യസ്തരും രൂപതയുടെ ഭാഗമാണ്.
ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക