News - 2025

അല്‍മായര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ വത്തിക്കാന്‍ രേഖ

21-07-2020 - Tuesday

റോം: പാശ്ചാത്യ രാജ്യങ്ങളിലെ കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അജപാലന ക്രമീകരണങ്ങളുടെ വെളിച്ചത്തില്‍ ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ ദൗത്യവും ചുമതലകളും നിര്‍വചിക്കുന്ന പുതിയ ഉദ്‌ബോധനം വത്തിക്കാന്‍ പുറപ്പെടുവിച്ചു. വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബെന്യാമീനോ സ്‌റ്റെല്ല ഇന്നലെ ജര്‍മന്‍ ഭാഷയില്‍ പുറത്തിറക്കിയ 124 ഖണ്ഡികകളുള്ള ഈ രേഖയുടെ പേര് 'സഭയുടെ പ്രേഷിത ദൗത്യ നിര്‍വഹണത്തില്‍ ഇടവകയുടെ അജപാലനപരമായ പങ്ക്''എന്നാണ്.

വൈദികരുടെ അഭാവത്തില്‍ ഞായറാഴ്ചകളിലും പ്രധാന തിരുനാള്‍ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ പരിശീലനം ലഭിച്ച അല്‍മായര്‍ക്ക് (ഡീക്കന്‍ന്മാരും ഇല്ലെങ്കില്‍) വചനശുശ്രൂഷ നടത്താന്‍ രേഖ അനുവാദം നല്‍കുന്നു. ജ്ഞാനസ്‌നാനം നല്‍കാനും ഇത്തരം അത്യാവശ്യസന്ദര്‍ഭങ്ങളില്‍ അല്‍മായര്‍ക്ക് അവകാശമുണ്ട്. മൃതസംസ്‌കാര കര്‍മത്തിലും അവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍മികത്വം വഹിക്കാം. ദേശീയ മെത്രാന്‍ സമിതികളുടെ ശിപാര്‍ശയോടുകൂടി, വിശുദ്ധ കുര്‍ബാന ഒഴികെയുള്ള വേളകളില്‍ വചനപ്രഘോഷണം നടത്താനും അവര്‍ക്കു സാധിക്കും.

മെത്രാന്‍ സമിതികളുടെ മുന്‍കൂര്‍ തീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദവുമുണ്ടെങ്കില്‍ രൂപതാമെത്രാന് അല്മായരെ വിവാഹത്തിനു സഭയുടെ ഭാഗത്തുനിന്നുള്ള സാക്ഷികളായി നിയോഗിക്കാം. ഇടവകകളുടെ സാമ്പത്തിക ക്രമീകരണം, അജപാലനസമിതികളുടെ ചുമതലകള്‍ മുതലായ വിഷയങ്ങളും രേഖയില്‍ ചര്‍ച്ച ചെയ്യുന്നു. ഇടവകകളുടെ അജപാലനപരമായ ചുമതലകള്‍ സഭയുടെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നതിനു സഹായകമാകുന്ന തരത്തില്‍ നിറവേറ്റപ്പെടണമെന്നു രേഖ അനുശാസിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 569