Youth Zone

ഗര്‍ഭഛിദ്ര മാഫിയകള്‍ക്ക് ജീവന്റെ വില ഓര്‍മ്മിപ്പിച്ച് ‘ബേബി ലൈവ്സ്‌ മാറ്റര്‍’ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നില്‍

പ്രവാചക ശബ്ദം 21-07-2020 - Tuesday

അമേരിക്കയിലെ യൂറ്റാ സംസ്ഥാന തലസ്ഥാനമായ സാള്‍ട്ട് ലേക്ക് സിറ്റിയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രത്തിനു പുറത്ത് രേഖപ്പെടുത്തിയ ‘ബേബി ലൈവ്സ് മാറ്റര്‍’ എഴുത്ത് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ടെയ്ലര്‍ ഹാന്‍സെന്‍ എന്ന കലാകാരനാണ് ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാന്‍ഡ് പാരന്റ്ഹുഡ് കെട്ടിടത്തിന് മുന്‍പിലെ റോഡില്‍ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഉടനീളം ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ ചുവര്‍ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമായ ഗര്‍ഭഛിദ്രത്തിനെതിരെ ടെയ്ലര്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഈ ചിത്രം വരച്ചതെന്ന് ഹാന്‍സെന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ ചുവര്‍ച്ചിത്രം മായ്ക്കപ്പെട്ടിരുന്നു. എങ്കിലും ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 10 ദിവസമെങ്കിലും പിടിച്ചുനില്‍ക്കുവാനുള്ള ശേഷി താന്‍ ഉപയോഗിച്ച പെയിന്റിനുണ്ടെന്നും ടെയ്ലര്‍ പറഞ്ഞു. ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ ചുവര്‍ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം സകലര്‍ക്കും അറിവുള്ളതാണെന്നും, അതിനാല്‍ ആരും സംസാരിക്കുവാന്‍ ഇഷ്ടപ്പെടാത്ത എന്നാല്‍ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നിനെതിരെ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഇത് എഴുതിയതെന്ന് ഹാന്‍സെന്‍ വ്യക്തമാക്കി.

‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ (ബി.എല്‍.എം) പ്രതിഷേധങ്ങളുടെ മറവില്‍ നടന്ന അക്രമങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ‘ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവനും പ്രസക്തമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി.എല്‍.എം പ്രചാരണത്തിന്റെ ശൈലിയിലുള്ള ചിത്രങ്ങളും മറ്റും ഉയര്‍ന്നുവന്ന പ്രചാരണ പരിപാടിയാണ് ‘ബേബി ലൈവ്സ്‌ മാറ്റര്‍’. ബേബി ലൈവ്സ്‌ മാറ്റര്‍ എഴുത്തോട് കൂടിയ കുട്ടികുപ്പായങ്ങള്‍ ഇപ്പോള്‍ വില്‍പ്പനക്കുണ്ട്. അബോര്‍ഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്റെ പിന്തുണ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിലും ബേബി ലൈവ്സ്‌ മാറ്റര്‍ ബനിയനുകളും ടി-ഷര്‍ട്ടുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »