Arts - 2024

ലെബനോനിലെ ക്രൈസ്തവ പൈതൃകങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പ്രവാചക ശബ്ദം 23-07-2020 - Thursday

ബെയ്റൂട്ട്: ലെബനോനിൽ സ്ഥിതിചെയ്യുന്ന ക്വാദിഷ താഴ്‌വരയിലെ ക്രൈസ്തവ പൈതൃകങ്ങൾ സംരക്ഷിക്കാനും പുനരുദ്ധരിക്കാനും ഭരണകൂടത്തിന്റെ തീരുമാനം. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ക്വാദിഷ താഴ്‌വരയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭാംഗമായ സെത്രിഡ ജിയാജിയയാണ് താഴ്‌വരയില്‍ നടത്തിയ സന്ദർശനവേളയിൽ പ്രഖ്യാപനം നടത്തിയത്. മാരോണൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ലെബനോനിലെ ആദ്യത്തെ വിശുദ്ധയായ വിശുദ്ധ മരീനയുടെ തിരുനാൾ ദിനമാണ് ഇരുവരും ക്വാദിഷ താഴ്‌വരയില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്. പുരാതനമായ നിരവധി സന്യാസ ആശ്രമങ്ങള്‍ ക്വാദിഷ താഴ്‌വരയിലുണ്ട്. എന്നാൽ പല കെട്ടിടങ്ങളും നശിച്ചുപോകുന്ന അവസ്ഥയിലാണ്. ഇറ്റാലിയൻ ഏജൻസി ഫോർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും യുനെസ്കോയ്ക്ക് ലഭിച്ച അഞ്ചു ലക്ഷം യൂറോ ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. ക്രൈസ്തവ വിശ്വാസികളെയും, ഇസ്ലാം മത വിശ്വാസികളെയും രാജ്യത്തു ഒരുപോലെ പരിഗണിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബൌട്രോസ് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാർ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ വിമുഖത കാണിക്കുന്നുണ്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തി. വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. എഴുപതോളം തവണ ലെബനോൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »