Life In Christ

തെരുവ് സുവിശേഷകനെതിരെ ഭീഷണി മുഴക്കുന്ന ആന്റിഫ പ്രതിഷേധക്കാരുടെ വീഡിയോ പുറത്ത്

പ്രവാചക ശബ്ദം 27-07-2020 - Monday

'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പെന്ന് വിശേഷണമുള്ള ആന്റിഫ പ്രവര്‍ത്തകര്‍ അമേരിക്കന്‍ തെരുവില്‍ സമാധാനപരമായി വചനപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന സുവിശേഷകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ‘ട്രസ്റ്റ് ഇന്‍ ജീസസ് (യേഹ്ഷുവ)’ എന്നെഴുതിയ ടിഷര്‍ട്ട് ധരിച്ചുകൊണ്ട് ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും, യേശുവിനെക്കുറിച്ച് സമാധാനപരമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന അജ്ഞാതനായ തെരുവ് സുവിശേഷകനെ മുഖംമൂടിയണിഞ്ഞെത്തിയ സംഘം ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് ‘സി.ബി.എന്‍’ന്റെ ചക്ക് ഹോള്‍ട്ടണ്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലെ സിയാറ്റിലിലാണ് സംഭവം നടന്നത്.

ഇനി ഞങ്ങളുടെ പിറകില്‍ വന്നാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും, അശ്ലീല പദങ്ങള്‍കൊണ്ട് അസഭ്യം ചൊരിയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ‘ഞാന്‍ നിങ്ങളെ പിന്തുടരുകയല്ല നിങ്ങള്‍ എന്നെയാണ് പിന്തുടരുന്നതെന്ന് സുവിശേഷകന്‍ സമാധാനത്തോടെ പറയുന്നുണ്ട്. “നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട” എന്ന ഒരു സ്ത്രീയുടെ ആക്രോശത്തിന് യേശുവാണ് വഴിയും സത്യവും ജീവനുമെന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം യേശുവാണെന്നും സുവിശേഷകന്‍ പറയുന്നു. സുവിശേഷകന്‍ തന്റെ പ്രഘോഷണം തുടര്‍ന്നപ്പോള്‍ മറ്റൊരാള്‍ “നിന്റെ പ്രഭാഷണം കേള്‍ക്കണ്ട” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടയുന്നതും കാണാം.

നേരത്തെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അമേരിക്കയില്‍ കത്തിപടര്‍ന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭങ്ങളില്‍ വലിയ ഇടപെടല്‍ നടത്തിയത് ആന്‍റിഫ പ്രവര്‍ത്തകരായിരിന്നു. ഇവരുടെ ക്രൈസ്തവ വിരുദ്ധത പ്രകടമായ സംഭവം കൂടിയായാണ് ഇതിനെ എല്ലാവരും നോക്കികാണുന്നത്. ഇതിനു മുന്‍പും അമേരിക്കയില്‍ തെരുവ് സുവിശേഷകര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ട്രെയിനില്‍ സമാധാനപരമായി സുവിശേഷം പ്രഘോഷിച്ചുകൊണ്ടിരുന്ന വയോധികനേ ഒരു സ്ത്രീ ചെരുപ്പുകൊണ്ടടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന സുവിശേഷകന്റെ ചിത്രം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു തന്നെ വഴിതെളിയിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 42