India - 2025

ബലിയർപ്പണത്തിനിടയ്ക്ക് വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്ത നടപടി: പ്രതിഷേധം ശക്തമാകുന്നു

പ്രവാചക ശബ്ദം 05-08-2020 - Wednesday

തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന വൈദീകനെ ബലി വേദിയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം. നടപടി അത്യന്തം അപലപനീയവും, പ്രതിഷേധാർഹവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി പ്രസ്താവനയിൽ കുറിച്ചു.

ചായ്യോത്ത് അൽഫോൻസാ ഇടവക വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് തെറ്റിദ്ധരിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ച് കൊണ്ട് തിരുക്കർമ്മം ചെയ്തു കൊണ്ടിരുന്ന വൈദികനെ, തിരുക്കർമ്മങ്ങൾക്കിടയിൽ നിന്നും യാതൊരു മുന്നറിയിപ്പും ഇല്ലാതെ പള്ളിയുടെ മുൻവശത്തെക്ക് വിളിച്ചു വരുത്തുകയും, തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അച്ചന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങുകയും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകൾ നിർത്തി വെക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ച് നടത്തിയ തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തി കേസെടുത്തതിനു പിന്നിലെ ചേതോവികാരം വ്യക്തമാകേണ്ടതുണ്ട്.

ക്രിസ്ത്യൻ വിഭാഗത്തിന്റെ കാര്യത്തിൽ പോലിസ് കാണിക്കുന്ന ഈ ഉത്സാഹം എല്ലാ വിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് വലിയൊരു ചോദ്യചിഹ്നമായി നിയമപാലകർക്കും, സർക്കാരിനും മുന്നിൽ ഒരിക്കൽ കൂടെ കെസിവൈഎം സംസ്ഥാന സമിതി ഉന്നയിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പ്രസ്താവിച്ചു.

നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന്, കെസിവൈഎം പ്രസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ നൽകും. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്ജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറി മാരായ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി യൂണിറ്റും പോലീസ് നടപടിയെ അപലപിച്ചിട്ടുണ്ട്.


Related Articles »