Faith And Reason

ബൈബിളും കുരിശും ജപമാലയുമായി ബെലാറസില്‍ ക്രൈസ്തവ വിശ്വാസികളുടെ സമാധാന റാലി

പ്രവാചക ശബ്ദം 18-08-2020 - Tuesday

മിന്‍സ്ക്: തിരഞ്ഞെടുപ്പിനെ തുടർന്ന് ആഭ്യന്തര കലാപം പൊട്ടി പുറപ്പെട്ട യൂറോപ്യൻ രാജ്യമായ ബെലാറസിൽ സഭാവ്യത്യാസമില്ലാതെ സമാധാന റാലിയുമായി നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ. ബലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി ഭരണത്തുടർച്ച നേടി എന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഓഗസ്റ്റ് പതിമൂന്നാം തീയതി സമാധാന ആഹ്വാനവുമായി ക്രൈസ്തവർ രാജ്യ തലസ്ഥാനത്ത് റാലി നടത്തിയത്.

കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിനടുത്ത് കത്തോലിക്ക, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരിന്നു. 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ആവര്‍ത്തിച്ച്ചൊല്ലി വിശ്വാസികള്‍ അടുത്തുള്ള ഹോളി സ്പിരിറ്റ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് നടന്നു നീങ്ങി. ബൈബിളും ജപമാലയും വിശുദ്ധരുടെ രൂപങ്ങളും കരങ്ങളില്‍ വഹിച്ചായിരിന്നു വിശ്വാസികളുടെ റാലി. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് ബലാറസിലെ ഓർത്തഡോക്സ് എക്സാർകേറ്റ് വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരുന്നതിനാൽ, സമാധാന റാലിയിൽ ഓർത്തഡോക്സ് വിശ്വാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇതര സഭകളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു.

പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ മിന്‍സ്കിൽ വന്‍ പ്രതിഷേധ പ്രകടനം നേരത്തെ അരങ്ങേറിയിരിന്നു. പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സുരക്ഷ സേനയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. അലക്സാണ്ടർ ലുക്കാഷെങ്കോയെ പിന്തുണയ്ക്കുന്നവരും രാജ്യതലസ്ഥാനത്ത് ശക്തിപ്രകടനം നടത്തി. ബെലാറസിലെ പ്രശ്നങ്ങളില്‍ ചർച്ചകളിലൂടെ പരിഹാരം സാധ്യമാക്കണമെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »