India - 2025
സിഎംഐ സഭയുടെ സേവനങ്ങള്‍ ശ്ലാഘനീയം: മിസോറാം ഗവര്‍ണര്‍
19-08-2020 - Wednesday
കോതമംഗലം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ദീര്‍ഘവീഷണത്തോടെ ആരംഭിച്ച സിഎംഐ സഭ നിര്‍ധന സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നു മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഭൂതത്താന്‍കെട്ട് കാര്‍മല്‍ ആയുര്‍വേദ വില്ലേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെഞ്ചരിപ്പ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. വ്യക്തികളുടെ സമഗ്ര ആരോഗ്യത്തിനായി കാര്‍മല്‍ പ്രൊവിന്‍സ് നടത്തുന്ന ഈ സ്ഥാപനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണന്നു ബിഷപ് പറഞ്ഞു. കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യസമൂഹം പ്രകൃതിയെ സംരക്ഷിക്കണമെന്നു മുഖ്യാതിഥി ആയിരുന്ന സിഎംഐ സഭ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി ചൂണ്ടിക്കാട്ടി.
ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ പാറക്കട്ടേല്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം സെക്രട്ടറി ഫാ. മാത്യു മഞ്ഞക്കുന്നേല്‍, എപിഇഡിഎ അംഗം തോമസ് പാറക്കല്‍, നിര്‍മല്‍ഗ്രാം വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.