Faith And Reason - 2021

ഉത്തര കൊറിയയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു: ആശംസകളുമായി പാപ്പയുടെ സന്ദേശം

പ്രവാചക ശബ്ദം 19-08-2020 - Wednesday

സിയോള്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് പതിനഞ്ചിന് ഉത്തര കൊറിയയിലെ ഏക രൂപതയായ പ്യോംഗ്യാങ്ങിനെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു. സിയോള്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ കർദ്ദിനാൾ ആന്‍ഡ്രൂ യെം സൂ ജങ്ങാണ് മ്യോങ്-ഡോങ് കത്തീഡ്രലില്‍വെച്ച് സമര്‍പ്പണ ചടങ്ങ് നടത്തിയത്. വിശുദ്ധ കുര്‍ബാനയും ഫാത്തിമ മാതാവിന്റെ രൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ചടങ്ങും ശുശ്രൂഷകളുടെ ഭാഗമായി നടന്നു. മോണ്‍. ആല്‍ഫ്രെഡ് സൂറെബ്, സിയോള്‍ അതിരൂപത സഹായ മെത്രാന്മാരായ മോണ്‍. തിമോത്തി യൂ, ജോബ്‌ കൂ എന്നിവര്‍ സഹകാര്‍മ്മികരായി.

അത്മായരും, സന്യസ്തരുമായ വിശ്വാസികളാല്‍ കത്തീഡ്രല്‍ നിറഞ്ഞുവെങ്കിലും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൊറിയന്‍ സഭ തുടക്കത്തില്‍ നേരിട്ട അടിച്ചമര്‍ത്തലുകളെ കുറിച്ച് കര്‍ദ്ദിനാള്‍ യോം തന്റെ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. കൊറിയന്‍ മേഖലയിലെ നിയമപരമായ ഏക ഗവണ്‍മെന്റ് എന്ന അംഗീകാരം പുതുതായി രൂപം കൊണ്ട ‘റിപ്പബ്ലിക് ഓഫ് കൊറിയ’ക്ക് നേടിയെടുക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വത്തിക്കാന്‍ വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം സ്മരിച്ചു. ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്നും കൊറിയ മോചനം നേടിയതിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികവും, കൊറിയന്‍ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാമത് വാര്‍ഷികം കൂടിയായിരുന്നു സമര്‍പ്പണ ദിവസമായ ഓഗസ്റ്റ് 15. പ്രസംഗത്തിനു ശേഷം കര്‍ദ്ദിനാള്‍ യോം കന്യകാമാതാവിന്റെ രൂപത്തില്‍ കിരീടം ചാര്‍ത്തി, സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി.

സമര്‍പ്പണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ച് അയച്ച ലഘു സന്ദേശം വായിച്ചു. ‘വിഭജനത്തെ മറികടന്ന് നീതിയും, സാഹോദര്യവും നെയ്തെടുക്കുന്ന ഒരു പുതിയ ചിന്താരീതിയുടെ ആവശ്യകതയുണ്ടെന്നും, ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനും ജീവിത സംസ്കാരം, അനുരഞ്ജനം, സാഹോദര്യസ്നേഹം, കൊറിയന്‍ ഉപദ്വീപിലെ ശാശ്വത സമാധാനം എന്നിവക്കായി കൊറിയയിലെ കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് പാപ്പയുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പ്യോംഗ്യാങ്ങ് രൂപതയുടെ വികാര്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന മോണ്‍. മാറ്റിയോ ഹ്വാങ്, മോണ്‍. തോമസ്‌ ചോയ്, ഫാ. ഗുഗ്ലിയര്‍മോ കിം, ഫാ. ജിരോലാമോ ചാങ്, ഫാ. ജെറാര്‍ഡ് ഹാമ്മൊണ്ട് എന്നിവര്‍ക്ക് പുറമേ നിരവധി വൈദികരും സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കൊറിയ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »