India - 2025

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി

പ്രവാചക ശബ്ദം 01-09-2020 - Tuesday

കൊച്ചി: ഭാരതത്തിന്റെ മുന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതംകണ്ട രാഷ്ട്രപതിമാരില്‍ തന്‍റേതായ ജ്ഞാനവും പ്രാഗത്ഭ്യതയും രാഷ്ട്രതന്ത്രജ്ഞതയുംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജിയുടേതെന്ന് കര്‍ദ്ദിനാള്‍ സ്മരിച്ചു. ദേശീയ ഐക്യത്തിനും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാര്‍ദ്ദത്തിനും പ്രാമുഖ്യം നല്കികൊണ്ടാണ് രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്.

ഭാരതീയരായ നാം നമ്മുടെ ഐക്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മുന്‍ഗണന നല്കികൊണ്ട് മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച്, ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാം. രാഷ്ട്രീയജീവിതത്തിലും രാഷ്ട്രനേതൃത്വത്തിലും അദ്ദേഹം നല്കിയ മാതൃക പൊതുജനസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും മാതൃകയാകട്ടെയെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു.


Related Articles »