News - 2024

'മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്': പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള റാലി സെപ്റ്റംബര്‍ അഞ്ചിന്

പ്രവാചക ശബ്ദം 01-09-2020 - Tuesday

കാലിഫോര്‍ണിയ: ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനത്തിലേക്കും രക്തസാക്ഷികളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സെപ്റ്റംബര്‍ അഞ്ചിന് കാലിഫോര്‍ണിയയിലെ ലോങ്ങ്‌ബീച്ചില്‍ റാലി. ക്രിസ്ത്യന്‍ സംഗീതജ്ഞനും, വേര്‍ഷിപ്പ് ലീഡറുമായ സീന്‍ ഫ്യൂച്റ്റ്, ഇറാഖി ക്രിസ്ത്യന്‍ റിലീഫ് കൗണ്‍സില്‍ പ്രസിഡന്റായ ജൂലിയാന തായ്‌മൂരാസി തുടങ്ങിയ പ്രമുഖരാണ് “മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന റാലിയുടെ പ്രധാന ആകര്‍ഷണം. തെക്കന്‍ കാലിഫോര്‍ണിയ സ്വദേശിനിയായ ജിയാ ചാക്കോണ്‍ സ്ഥാപിച്ച ഫോര്‍ ദി മാര്‍ട്ടേഴ്സ് സംഘടനയാണ് റാലി സംഘടിപ്പിക്കുന്നത്. ചാക്കോണിന്റെ മുത്തശ്ശിയും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും, ബ്രീത്ത്‌ ഓഫ് ദി സ്പിരിറ്റ്‌ മിനിസ്ട്രീസിന്റെ സി.ഇ.ഒ യുമായ കോറലും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

മരീന ഗ്രീന്‍ പാര്‍ക്കില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കു ആരംഭിക്കുന്ന റാലി ലോസ് ആഞ്ചലസ് നദിക്ക് കുറുകെയുള്ള പാലത്തിലൂടെയാണ് കടന്നു പോകുന്നത്. റാലിയ്ക്കൊടുവില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി രാത്രി പ്രാര്‍ത്ഥനയും പദ്ധതിയിട്ടിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളുടെ കണ്ണീര് കാണാതിരിക്കുവാന്‍ നമുക്ക് കഴിയില്ലെന്നും ഇപ്പോഴാണ് അവര്‍ക്ക് വേണ്ടി സംസാരിക്കേണ്ടതിന്റെ ആവശ്യകതയെന്നും ചാക്കോണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 'മാര്‍ച്ച് ഫോര്‍ മാര്‍ട്ടേഴ്സ്' റാലി നടത്തുവാന്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്നു റാലി സെപ്റ്റംബറിലേക്ക് മാറ്റുകയായിരിന്നു. എത്രപേര്‍ക്ക് വേണമെങ്കിലും റാലിയില്‍ പങ്കെടുക്കാമെന്നും ജനക്കൂട്ടം സംബന്ധിച്ച യാതൊരു നിയന്ത്രണവുമില്ലെന്നും, ഇതുവരെ ഏതാണ്ട് ആയിരം പേര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചാക്കോണ്‍ അറിയിച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ അസ്സീറിയന്‍, സിറിയക്ക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. തന്റെ മുത്തശ്ശിക്കൊപ്പം ഈജിപ്തിലേക്ക് ചാക്കോണ്‍ നടത്തിയ യാത്രയാണ് മത പീഡനത്തിനിരയായികൊണ്ടിരിക്കുന്ന ക്രൈസ്തവരിലേക്ക് ശ്രദ്ധ പതിയുവാന്‍ കാരണമായത്. ഇത് 'ഫോര്‍ ദി മാര്‍ട്ടേഴ്സ്' എന്ന സംഘടനയുടെ ആരംഭത്തിന് കാരണമാകുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »