News
ചൈനയിലെ മതകാര്യ ബ്യൂറോ തട്ടിക്കൊണ്ടുപോയ വൈദികന് 17 ദിവസങ്ങള്‍ക്ക് ശേഷം മോചനം
പ്രവാചക ശബ്ദം 19-09-2020 - Saturday
മിന്‍ഡോങ്ങ്: ചൈനയിലെ മതകാര്യ ബ്യൂറോ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗർഭ സഭയിൽപ്പെട്ട കത്തോലിക്ക വൈദികൻ ഫാ. ലിയു മാവോചുന്‍ 17 ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. തടങ്കലില്‍ നിന്നു മോചിതനായ നാല്പത്തിയാറുകാരനായ ഫാ. മാവോചുന്‍ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ സ്വന്തം ഭവനത്തിലെത്തിയെന്നാണ് ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാനുമായി ബന്ധമില്ലാത്ത സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് അസോസിയേഷന്റെ കീഴിലുള്ള സ്വതന്ത്ര സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചതിനാലാണ് ഫാ. മാവോചുന്നിനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് റിലീജിയസ് അഫയേഴ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയത്.
മിന്‍ഡോങ്ങ് രൂപതയിലെ ഫാ. ലിയു അടക്കം ഇരുപതോളം വൈദികര്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചിട്ടുണ്ട്. അതിനു വേണ്ടി ഇവരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ധമുണ്ടായിരിന്നുവെന്നും ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് ഫാ. ലിയു ചില രോഗികളെ സന്ദര്‍ശിക്കുവാന്‍ ആശുപത്രിയില്‍ പോയിരുന്നു. ഇതേ ദിവസം വൈകീട്ട് റിലീജിയസ് അഫയേഴ്സ് ബ്യൂറോ അയച്ച ആളുകള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരിന്നു. ഫാ. ലിയു തങ്ങളുടെ പക്കലുണ്ട് എന്ന വിവരം മാത്രമാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോ പുറത്തുവിട്ടത്.
അനാഥര്‍ക്കിടയിലെ സേവനങ്ങളാല്‍ പ്രശസ്തനായ ഹെബെയി പ്രവിശ്യയിലെ സെന്‍ഡിങ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂലിയസ് ജിയാ ഴിഗുവോയെ അറസ്റ്റ് ചെയ്തത് അടുത്ത നാളുകളിലാണ്. തന്റെ രൂപതയുടെ കീഴിലുള്ള ഇടവകയില്‍ നിന്നും വത്തിക്കാനെ അംഗീകരിക്കാത്ത പാട്രിയോട്ടിക് അസോസിയേഷനില്‍ ചേര്‍ന്ന വൈദികനെ ബിഷപ്പ് നീക്കം ചെയ്തിരുന്നു. ആ വൈദികനെ തിരിച്ചെടുക്കണമെന്നായിരിന്നു പാട്രിയോട്ടിക് അസോസിയേഷന്റെ ആവശ്യം. അതേസമയം ചൈനയിലെ അധോസഭയില്‍പ്പെട്ട കത്തോലിക്ക വൈദികരെ റിലീജിയസ് അഫയേഴ്സ് ബ്യൂറോ തട്ടിക്കൊണ്ടുപോകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക